ജംഷദ്പൂര്‍: മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ശിരസ്സറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തില്‍. ജാർഖണ്ഡിലെ ജംഷദ്പൂരിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. അമ്മയ്ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. 

കേസിലെ മുഖ്യപ്രതി റിങ്കു, കൈലാഷ്,  മോനു മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. അമ്മയ്ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങുന്നതിനിടെയാണ് റിങ്കു, കുട്ടിയെ തട്ടിക്കൊണ്ടു പോയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. റിങ്കുവിന്‍റെ ചുമലില്‍ ഉറങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുഖ്യപ്രതി റിങ്കു. റിങ്കുവിന്‍റെ കൂട്ടാളിയാണ് അറസ്റ്റിലായ കൈലാഷ്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് മോനു മണ്ഡല്‍.

പെണ്‍കുട്ടി ക്രൂരമായ പീ‍ഡനത്തിന് ഇരയായിട്ടുണ്ടെന്നും സ്വകാര്യഭാഗങ്ങളില്‍ ക്രൂരമായി മുറിവേറ്റതായും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മണം പിടിച്ചെത്തിയ പൊലീസ് നായയാണ് അറുത്തു മാറ്റിയ നിലയിലുള്ള കുട്ടിയുടെ തലഭാഗം കണ്ടെത്തിയതെന്ന് പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 26 നാണ് റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്നും കുട്ടിയെ കാണാതായത്.