ബാറിൽ എത്തിയ യുവാക്കൾ കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം വാങ്ങി കുടിച്ചു. പണം ആവശ്യപ്പെട്ട സ്റ്റാഫിനെ അസഭ്യം പറയുകയും സോഡാ കുപ്പികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

ചേർത്തല: ആലപ്പുഴയിൽ ബാറിൽ അതിക്രമം കാട്ടിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരസഭ 8–ാം വാർഡ് തെക്കേ ചിറ്റേഴത്ത് സൂര്യ (31), തെക്കേ ചിറ്റേഴത്ത് ദീപേഷ് (21), നികർത്തിൽ അഭിനവ് (19) എന്നിവരാണ് പിടിയിലായത്. ബാറിലെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയ ശേഷം ആക്രമണം നടത്തിയെന്ന പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച ചേർത്തലയിലെ ഒരു ബാറിലാണ് സംഭവം നടന്നത്. ബാറിൽ എത്തിയ യുവാക്കൾ കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം വാങ്ങി കുടിച്ചു. പണം ആവശ്യപ്പെട്ട സ്റ്റാഫിനെ അസഭ്യം പറയുകയും സോഡാ കുപ്പികളും മറ്റും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബാറിൽ ഉണ്ടായിരുന്ന ടെലിവിഷൻ അടിച്ചു തകർക്കുകയും ചെയ്തു. ഇവിടെ നിന്നും പോയ മൂവരും ശാവേശേരി ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥയെയും മകളെയും ഭീഷണിപ്പെടുത്തി മർദിച്ചെന്നുമാണ് കേസ്. 

സംഭവത്തിൽ ബാറുടമയും ആക്രമണത്തിനിരയയായ കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷൻ ഓഫീസർ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ പി അനിൽകുമാർ, ടി പ്രസാദ്, സിപിഒ ലിജോ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Read More :  പിഴയടച്ചു, 82,000 രൂപ! റോബിൻ ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവ്, അടുത്തയാഴ്ച വീണ്ടും സർവീസ് തുടങ്ങുമെന്ന് ഉടമ