കോർപ്പറേഷൻ (Thrissur Corporation)മേയർ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ  പരാതിയിൽ പൊലീസ് കേസെടുത്തു. 

തൃശൂർ: കോർപ്പറേഷൻ (Thrissur Corporation)മേയർ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മേയർ എംകെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 308 , 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ആയിരുന്നു പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്. 

ചൊവ്വാഴ്ച മേയറുടെ ചേമ്പറിലും കൗൺസിൽ ഹാളിലുമായി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. മേയറുടെ ചേമ്പറിൽ അതിനാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോ​ഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി. 

ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺ​ഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ‌ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തടയുന്ന കൌൺസിലർമാരെ വകവയ്ക്കാതെ ഡ്രൈവറോട് കാറ് മുന്നോട്ടെടുക്കാൻ മേയർ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

സംഭവത്തിന് പിന്നാലെ യുഡിഎഫ് കൗൺസിലർമാർ മേയറുടെ ചേമ്പറിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചിരുന്നു. മേയർ ഇവിടേക്ക് തിരിച്ചുവരണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യം. കയ്യിലുള്ള കുപ്പികളിലുള്ളതുപോലെ കലക്കവെള്ളമാണ് 55 ഡിവിഷനുകളിലും കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്. 

ദിലീപിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസ്; ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ സായ് ശങ്കർ

കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ (Sai Shankar) ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും സായ് ശങ്കർ ഹൈക്കോടതിയില്‍ ആരോപിച്ചു. കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങൾ അറിയിച്ചത്. 

ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനെതിരെയാണ് സായ് ശങ്കറിന്‍റെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി സായ് ശങ്കർ പറയുന്നു. അതിനിടെ, എസ് പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോൺ സംഭാഷണം പുറത്ത് വന്നു. എന്താണ് പൊലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂ എന്ന് എസ് പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഹാജരാകാതിരുന്നാൽ കൂടുതൽ കേസുകൾ കണ്ടെത്താനാകുമെന്നും സംഭാഷണത്തിൽ പരാമർശമുണ്ട്. സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവ് സായ് ശങ്കർ ഹൈക്കോടതിയിൽ ഹാജരാക്കി.