മൂർക്കനിക്കരയിൽ ഡാൻസ് കളിക്കിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു. എല്ലാ പ്രതികളും പിടിയിലായെന്നും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു.

തൃശ്ശൂർ: അവിട്ടം നാളില്‍ തൃശൂരിനെ നടുക്കിയ ഇരട്ടക്കൊലയിലെ മുഴുവൻ പ്രതികളും പിടിയിലായി. പ്രതികളെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെന്ന് പൊലീസ്. കണിമംഗലത്ത് കൊല്ലപ്പെട്ടത് കാപ്പ ചുമത്തി നാടു കടത്തിയ പ്രതി. മൂര്‍ക്കനിക്കരയിലെ പ്രതികളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സഹോദരങ്ങളും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍ നഗരം അവിട്ടം ആഘോഷത്തിന്‍റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു രണ്ടിടങ്ങളില്‍ കൊലപാതകമുണ്ടായത്. ആദ്യ സംഭവം കണിമംഗലത്ത് വൈകിട്ട് നാലരയോടെയാണ് ഉണ്ടായ്ത്. കാപ്പ കേസില്‍ നാടുകടത്തപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ തിരിച്ചെത്തിയ കരുണാമയന്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ റിജിലെന്ന നിഖിലാണ് കരുണാമയനെ കൊന്നത്. റിജിലും കരുണാമയനും തമ്മില്‍ കഴിഞ്ഞയാഴ്ച വാക്കേറ്റമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ മദ്യപിച്ചതോടെ പഴയ പ്രതികാരം തീര്‍ക്കാന്‍ നിഖില്‍ തീരുമാനിച്ചു. കണിമംഗലത്തെ റെയില്‍വേ ട്രാക്കിനടുത്ത് വച്ച് കരുണാമയനെ കുത്തി. വിവരമറിഞ്ഞെത്തിയ മൂന്ന് സുഹൃത്തുക്കളാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ പെട്ടതാണെന്ന് പറഞ്ഞ ഇവര്‍ കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിലറിയിച്ച് കരുണാമയനെ എത്തിച്ചവരെ കസ്റ്റഡിയിലാക്കി. ഇവരെയും കണിമംഗലത്തെ ദൃക്സാക്ഷികളില്‍ നിന്നുമാണ് പ്രതി റിജിലാണെന്ന് മനസ്സിലായത്. ഇറച്ചിക്കടനടത്തുയാളായിരുന്നു റിജില്‍. ഒളിവില്‍ പോയ റിജിലിനെ ഉച്ചയോടെ നെടുപുഴ പൊലീസ് പിടികൂടി.

മൂര്‍ക്കനിക്കരയിലേത് പെട്ടന്നുണ്ടായ പ്രകോപനത്തെത്തുടര്‍ന്നുള്ള കൊലയെന്നാണ് പൊലീസ് പറയുന്നത്. കുമ്മാട്ടി കളിക്കിടെ ഡാന്‍സ് കളിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. അഖിലും ജിതിനും ഉള്‍പ്പെട്ടവര്‍ തര്‍ക്കത്തിന്‍റെ ഒരുവശത്തും മറുവശത്ത് വിശ്വജിത്ത്, ബ്രഹ്മജിത്ത് എന്നിവരുമായിരുന്നു. ഡാന്‍സ് കളിക്കിടെ കാലില്‍ ചവിട്ടിയതാണ് അങ്ങോട്ടും മിങ്ങോട്ടും ഉന്തും തള്ളുമുണ്ടാവാനുള്ള കാരണം. വിശ്വജിത്തും സഹോദരന്‍ ബ്രഹ്മജിത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംഘര്‍ഷം നടക്കുന്നതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അനന്തകൃഷ്ണന്‍ അഖിലിനെ കുത്തി. പിന്നാലെ വിശ്വജിത്ത് അഖിലിന്‍റെ കൂട്ടുകാരന്‍ ജിതിനെയും ആക്രമിച്ചു. ആശുപത്രിയിലെത്തിക്കും മുമ്പ് അഖില്‍ മരിച്ചു. ജിതിനെ ഐസിയുവിലേക്ക് മാറ്റി. രക്ഷപെട്ട അനന്തകൃഷ്ണ , അക്ഷയ്, ശ്രീ രാജ്, ജിഷ്ണു എന്നിവരെ പുലര്‍ച്ചെ തന്നെ മണ്ണൂത്തി പൊലീസ് പിടികൂടി. ഉച്ചയോടെ വിശ്വജിത്ത്, ബ്രഹ്മ ജിത്തും പിടിയിലായി. ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓണക്കാലം കഴിയും വരെ കനത്ത ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

തൃശൂരിലെ രണ്ട് കൊലപാതകങ്ങളിലേയും പ്രതികൾ പിടിയിൽ