ഗുരുഗ്രാം(ഹരിയാന): ഹരിയാനയില്‍ നാടിനെ നടുക്കിയ കൊലപാതകം. എട്ട് മാസം മുതല്‍ ഏഴ് വയസ്സുവരെയുള്ള നാല് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പൊലീസ്. വീട്ടില്‍ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ചാണ് നാല് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതേ കത്തികൊണ്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടികളുടെ അമ്മ ഫിര്‍മീനയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നിഹ്‌സ് പിപ്രോലി ഗ്രാമത്തിലാണ് സംഭവം. മെക്കാനിക്കായ ഭര്‍ത്താവ് ഖുര്‍ഷിദ് അഹമ്മദിനൊപ്പമാണ് ഫിര്‍മീന താമസിക്കുന്നത്. ആദ്യഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ഫിര്‍മീന 2012ലാണ് ഖുര്‍ഷിദിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. മുഷ്‌കാന്‍(7), മിസ്‌കിന(5), അലിഫ(3), എട്ടുമാസം പ്രായമുള്ള കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായിട്ടും കൊലപാതകം അയല്‍വാസികള്‍ അറിഞ്ഞില്ല. കുട്ടികളുടെ കരച്ചില്‍ പോലും ആരും കേട്ടില്ലെന്ന് പൊലീസ് പറയുന്നു. സന്തോഷകരമായ ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. 
കഴിഞ്ഞ ദിവസം റോഡപകടത്തില്‍ ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ ഗ്രാമത്തില്‍ മമരിച്ചിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗ്രാമവാസികള്‍ പോയപ്പോഴാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭര്‍ത്താവ് ഖുര്‍ഷിദ് വീട്ടില്‍ തിരിച്ചെത്തിയത്. ഏറെ നേരം വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. വെന്റിലേഷന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടികള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഖുര്‍ഷിദിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് വാതില്‍ പൊളിച്ച് അകത്തെത്തിയത്. ഉടന്‍ ഫിര്‍മിനയെ ആശുപത്രിയിലെത്തിച്ചു. കുട്ടികള്‍ മരിച്ചിരുന്നു.

കുട്ടികളുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് നുഹ് എസ് പി നരേന്ദ്ര ബിര്‍ജനിയ പറഞ്ഞു. ഫിര്‍മിന ചെറിയ രീതിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ അത് അവഗണിച്ചെന്നും ഖുര്‍ഷിദ് പൊലീസിനോട് പറഞ്ഞു.