കൊല്‍ക്കത്ത: ബംഗാളിലെ ബന്‍കുറയില്‍ തൃണമൂല്‍ പ്രദേശിക നേതാവ് കൊല്ലപ്പെട്ടു. ബന്‍കുറ ജില്ലയിലെ ബെലിയാതുര്‍ പഞ്ചായത്ത്തല നേതാവായ ബാബര്‍ അലിയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ബാബര്‍ അലി കൊല്ലപ്പെട്ടത്. പാര്‍ട്ടിക്കുള്ളിലെ എതിരാളികളാണ് അലിയെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നു. കൊലപാതകത്തിന് പിന്നാലെ വിവിധ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. ബസന്തി ഏരിയയില്‍ ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ട് പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. സൗത്ത് പര്‍ഗനാസ് ജില്ലയിലും  വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലും സംഘര്‍ഷമുണ്ടായി. 

സംഘര്‍ഷത്തിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന് പ്രാദേശിക ടിഎംസി നേതാക്കാള്‍ ആരോപിച്ചു. എന്നാല്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും തൃണമൂലിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു. വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി.