ചെന്നൈ: തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞതായി തമിഴ്‌നാട് പൊലീസ്. ഭീഷണി മുഴക്കിയത് ശ്രീലങ്കന്‍ സ്വദേശിയാണെന്നും വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. വിലാസം കേന്ദ്രീകരിച്ച് തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞത്. ആളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ വിജയ് സേതുപതിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍, മുത്തയ്യ മുരളീധരന്‍ ശ്രീലങ്കന്‍ സര്‍ക്കാറിനെ അനുകൂലിച്ചെന്ന ആരോപണമുയര്‍ന്നതോടെ വിജയ് സേതുപതിക്കെതിരെ ചിലയിടങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഒടുവില്‍ മുത്തയ്യയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറി.