ബെംഗളൂരു: വിവാഹേതര ബന്ധം എതിര്‍ത്തതിന് ഭാര്യയെ കീടനാശിനി കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. രാമനഗര ജില്ലയിലെ ലിജൂർ സ്വദേശിയായ വെങ്കടേഷ് (30) ആണ് അറസ്റ്റിലായത്. ഭാര്യ ദീപയ്ക്ക് ഇയാൾ ഉറക്കഗുളിക നൽകി കീടനാശിനി കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി കൊല നടത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഇയാൾ ദീപയുടെ രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെടുകയും ദീപ വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്ന് അറിയിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ ദീപയുടെ രക്ഷിതാക്കളും വെങ്കടേഷും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെങ്കടേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദീപയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ വെങ്കടേഷ് കുറ്റം സമ്മതിച്ചു.

Read More: 20 കാരിയെ ഡാൻസ് ക്ലാസിൽ വച്ച് പീഡിപ്പിച്ചു; കന്നട സിനിമാ കോറിയോഗ്രാഫർ അറസ്റ്റിൽ

കഴിഞ്ഞ വർഷം മാർച്ചിൽ വിവാഹിതരായ ദീപയും വെങ്കടേഷും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസങ്ങൾക്കു ശേഷമാണ് വെങ്കടേഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധം ദീപയറിയുന്നത്. രണ്ടു കുടുംബങ്ങളും ഇടപെട്ട് ഇത് പരിഹരിക്കുകയും വെങ്കടേഷിനെ ബന്ധം തുടരുന്നത് വിലക്കുകയും ചെയ്തു. പക്ഷേ വെങ്കടേഷ് വീണ്ടും ബന്ധം തുടരുന്നത് മനസ്സിലാക്കിയ ദീപ ഇക്കാര്യം ചോദിച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാമനഗരയിലെ സർക്കാർ ആശുപത്രി ജീവനക്കാരനാണ് അറസ്റ്റിലായ വെങ്കടേഷ്.