പാലക്കാട്: നഗരത്തിനടുത്തുളള രഹസ്യ ഗോഡൗണില്‍ പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്ത് സംഭരിച്ച ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഗോഡൗണ്‍ ഉടമയായ സിറാജിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

ജില്ലയിലെ വിദ്യാലയ പരിസരമുള്‍പ്പെടെ ലഹരി വില്‍പ്പന നിരോധമുളള സ്ഥലങ്ങളിലേക്ക് വില്‍പനക്കെത്തിക്കാന്‍ സംഭരിച്ച ഉത്പന്നങ്ങളാണ് പിടികൂടിയത്. പൊളളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ചെറിയ അളവില്‍ ലോഡെത്തിക്കുക. ഇങ്ങനെ സംഭരിച്ച ഒരു ലക്ഷത്തി പതിനാറായിരം പായ്ക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെ പിടികൂടിയവയില്‍ ഉള്‍പ്പെടും. വലിയങ്ങാടിക്ക് സമീപമാണ് സിറാജിന്റെ ഗോഡൗണ്‍. മലമ്പുഴയില്‍ കച്ചവടക്കാരനായ സിറാജിനെതിരെ, നേരത്തെ ലഹരിവില്‍പനയ്ക്ക് കേസുണ്ട്. തമിഴനാട്ടില്‍ നിന്ന് സംഭരിക്കുന്ന ലഹരി ഉത്പന്നങ്ങള്‍, സിറാജ് തന്നെയാണ് ഇരുചക്രവാഹനങ്ങള്‍ വഴി ആവശ്യക്കാരിലേക്കെത്തിക്കുന്നത് ഗോഡൗണ്‍ പരിശോധന നടന്നതുമുതല്‍ സിറാജ് ഒളിവിലാണ്. 

ജില്ലയ്ക്ക് പുറത്തും ഇയാള്‍ക്ക് കണ്ണികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പത്തുരൂപയ്ക്ക് വാങ്ങുന്നവ അഞ്ചിരട്ടി വിലയ്ക്കാണ് വില്‍പനക്കെത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കാറില്‍ കടത്താന്‍ ശ്രമിച്ച 7500 പായ്ക്കറ്റ് ഹാന്‍സ് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊത്തവിതരണക്കാരെ ക്കുറിച്ച് അന്വേഷണം തുടങ്ങിയത്.