ഛണ്ഡീഗഡ്: രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറിയില്‍(ബെഡ് കംപാര്‍ട്ട്മെന്‍റ്) ഒളിപ്പിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി. ഛണ്ഡീഗഡിന് സമീപത്തെ ബുറൈല്‍ ഗ്രാമത്തിലാണ് സംഭവം. മകനെ ഭാര്യ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യ മകനെ കൊലപ്പെടുത്തി ബെഡിനടിയിലെ അറയില്‍ ഒളിപ്പിച്ചെന്ന് ഭര്‍ത്താവ് ദശരഥ് പൊലീസില്‍ പരാതി നല്‍കി. 
ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും കുട്ടിയെയും കാണാനില്ലായിരുന്നു.

ബന്ധുവീട്ടില്‍ പോയതാണെന്ന് കരുതി ആദ്യം അന്വേഷിച്ചില്ല. എന്നാല്‍ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചു. കുഞ്ഞിനെ കിടക്കക്കടിയിലെ അറയില്‍ കിടത്തിയെന്ന് ഭാര്യ പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. വായില്‍ ഗ്ലൗ തിരുകിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.