2019ൽ സെമിത്തേരി നവീകരിച്ചിരുന്നു. അന്ന് കല്ലറകളുടെ നമ്പറിൽ മാറ്റം വന്നു. അന്നത്തെ 23ആം നമ്പർ കല്ലറ 38ആയി. അങ്ങനെ വന്ന ആശയക്കുഴപ്പമാണ് കാരണമെന്നും രണ്ട് മൃതദേഹവും അതിൽ തന്നെ സംസ്കരിച്ചതാകാമെന്നും പൊലീസ് നിഗമനത്തിലെത്തി.

കണ്ണൂർ: ദുരൂഹത തളംകെട്ടി നിൽക്കുകയാണ് കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38ാം നമ്പർ കല്ലറ. 10 ദിവസം മുൻപ് മറ്റൊരു സംസ്കാരത്തിനായി ആ കല്ലറ തുറന്നതോടെയാണ് എല്ലാത്തിന്‍റെയും തുടക്കം. അതിൽ രണ്ട് മൃതദേഹങ്ങൾ. ഒന്ന് പായയിൽ പൊതിഞ്ഞ നിലയിലും. അതെങ്ങനെ സംഭവിച്ചു. പള്ളി വികാരിയുടെ പരാതിയിൽ പൊലീസെത്തി. ദുരൂഹത ഒന്നുമില്ല, നേരത്തെ സംസ്കരിച്ച രണ്ട് മൃതദേഹമാകാം എന്ന് കരുതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പക്ഷേ അപ്പോഴാണ്, 6 വർഷം മുൻപ് വാണിയപ്പാറയിൽ വച്ച് കാണാതായ സിജോ എന്ന യുവാവിന്‍റെ വീട്ടുകാർക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നത്.‍ ആ അജ്ഞാത മൃതദേഹം സിജോയുടേതാണോ? ഇതിനൊപ്പം നമ്മൾ കാണേണ്ട ഒരു കാര്യം, സിജോയുടെ ഭാര്യയുടെ സഹോദരനാണ് ആ പള്ളിയിലെ കൈക്കാരൻ എന്നതാണ്. അങ്ങനെ ഒടുവിൽ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുയാണ് പൊലീസ്. ഒരുപക്ഷേ നാളെ തന്നെ കല്ലറ തുറന്നേക്കും.

ജൂൺ 13 ശനിയാഴ്ച. അന്നായിരുന്നു കേരള- കർണാടക അതിർത്തിയിലുള്ള വാണിയപ്പാറ പള്ളിയിലെ 38ആം നമ്പർ കല്ലറ തുറന്നത്. സംസ്കാര ചടങ്ങുകൾക്കായി കല്ലറ തുറന്നവർ ഞെട്ടി. അതിനുള്ളിൽ രണ്ട് മൃതദേഹം. ഒന്ന് ശവപ്പെട്ടിയിലും മറ്റൊന്ന് പായയിൽ പൊതിഞ്ഞ നിലയിലും. പായയിൽ പൊതിഞ്ഞ് സംസ്കാരം നടത്തുന്ന പതിവില്ല. പിന്നെങ്ങനെ ഇതവിടെ വന്നു. പള്ളി വികാരിയുടെ പരാതിയിൽ പൊലീസെത്തി. 2019ൽ സെമിത്തേരി നവീകരിച്ചിരുന്നു. അന്ന് കല്ലറകളുടെ നമ്പറിൽ മാറ്റം വന്നു. അന്നത്തെ 23ആം നമ്പർ കല്ലറ 38ആയി. 

അങ്ങനെ വന്ന ആശയക്കുഴപ്പമാണ് കാരണമെന്നും രണ്ട് മൃതദേഹവും അതിൽ തന്നെ സംസ്കരിച്ചതാകാമെന്നും പൊലീസ് നിഗമനത്തിലെത്തി. സംസ്കാര ചടങ്ങുകളുടെ ഫോട്ടോഗ്രാഫുകൾ വച്ചായിരുന്നു സ്ഥിരീകരണം. അങ്ങനെയെങ്കിൽ കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടാകാം എന്നായി പള്ളി വികാരിയുടെ സംശയം. കല്ലറ തുറന്ന് പരിശോധിക്കണമെന്നും വ്യക്തത വരുത്തണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

അങ്ങനെയിരിക്കെയാണ് 2020ൽ കാണാതായ കുറ്റ്യാടി സ്വദേശി സിജോ സ്കറിയ എന്ന യുവാവിന്‍റെ കുടുംബം വീണ്ടും പൊലീസിൽ പരാതി നൽകുന്നത്. സിജോയെ 6 വർഷം മുന്പ് കാണാതായത് ഇതേ വാണിയപ്പാറയിൽ വെച്ചാണ്. അജ്ഞാത മൃതദേഹം ഇനി സിജോയുടേതാണോ. സിജോയുടെ ഭാര്യാ സഹോദരൻ ബിനോയിയാണ് വാണിയപ്പാറ പള്ളിയിലെ കൈക്കാരൻ. സംശയങ്ങളും ദുരൂഹതയും ശക്തമായതോടെ കല്ലറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ആർഡിഒക്ക് അപേക്ഷ നൽകി. നാളെ അല്ലെങ്കിൽ മറ്റന്നാൾ കല്ലറ തുറന്നേക്കും.

ദുരൂഹത തളം കെട്ടിയ 38ാം നമ്പർ കല്ലറ; കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ, രഹസ്യം തേടി പൊലീസ് | Kannur