ദില്ലി: പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ടൂറിസ്റ്റ് ഗൈഡ് ബലാത്സംഗത്തിനിരയായതായി പരാതി. നഗരത്തിന്റെ ഹൃദയഭാഗമായ ഇന്ത്യാ ഗേറ്റിന് സമീപത്തെ ഹോട്ടലിയാണ് യുവതി ബലാത്സംഗത്തിനിരയായത്. ഒരു സ്ത്രീയടക്കം ആറ് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു. പ്രധാന പ്രതിയെ പിടികൂടിയെന്നും മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. 18നാണ് സംഭവമുണ്ടായത്. പിറ്റേ ദിവസമാണ് ഇവര്‍ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. യുവതി ബലാത്സംഗം ചെയ്യപ്പെട്ട ഹോട്ടല്‍ റൂം രണ്ട് വ്യവസായികളാണ് വാടകക്കെടുത്തതെന്നും പൊലീസ് പറഞ്ഞു. 

ടിക്കറ്റ് ബുക്കിംഗ് എക്‌സിക്യൂട്ടീവായും ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്യുന്ന യുവതിയെ കുറഞ്ഞ നിരക്കിന് വായ്പ നല്‍കാമെന്ന വ്യാജേന ഇവര്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഡിസിപി ഇഷ് സിംഗാള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മുതലെടുത്തായിരുന്നു പ്രതികള്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ദില്ലി ഷെയ്ഖ് സറായി പ്രദേശത്ത് താമസിക്കുന്ന മനോജ് ശര്‍മ്മ എന്നായാളാണ് അറസ്റ്റിലായിരിക്കുന്നത്.