നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്ന് ആക്രോശം, ട്രാൻസ് വുമണിന് ക്രൂരമർദ്ദനം; പ്രതി കാണാമറയത്ത് തുടരുന്നു
വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്.

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മർദ്ദനമേറ്റ ട്രാൻസ് വുമണിന്റെ പരാതിയിൽ ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.
വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് പലകുറി അടിച്ചു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്കേറ്റു.
മർദ്ദനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ട്രാൻസ് വുമണിനെ പ്രതി പിന്തുടർന്ന് എത്തുന്നത് സമീപത്തുണ്ടായിരുന്ന കാറിലെ ക്യാമറയിൽ പതിഞ്ഞു. ഇതടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരം കേസ് എടുത്ത പാലാരിവട്ടം പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. പ്രതിയെ തിരിച്ചറിഞ്ഞതായും വൈകാതെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
