Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡറുടെ ദുരൂഹമരണം: ഇൻക്വസ്റ്റ് വൈകുന്നു; മൃതദേഹം ഇതുവരെ മാറ്റിയില്ല

മൃതശരീരം കണ്ടെത്തി നാല് മണിക്കൂറിന് ശേഷവും സംഭവസ്ഥലത്തുനിന്ന് മാറ്റിയില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.

transgenders unnatural death, dead body not yet moved from the spot, inquest delaying
Author
Kozhikode, First Published Apr 1, 2019, 1:07 PM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്‍റെ മൃതശരീരത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ വൈകുന്നു. മൃതശരീരം കണ്ടെത്തി നാല് മണിക്കൂറിന് ശേഷവും സംഭവസ്ഥലത്തുനിന്ന് മാറ്റിയില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിൽ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.  

നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം. അതുകൊണ്ടു തന്ന ഇത്തരം ഒരു സംഭവം ആളുകളുടെ ശ്രദ്ധയിൽ പെട്ടതും വൈകിയാണ്. ട്രാൻസ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്.  ട്രാൻസ്ജെന്‍ഡര്‍  വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. 

ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാൻസ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണിൽ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസിലിരുന്നാണ് ഫോൺ സംഭാഷണം നടത്തിയത്. സിസിലി തന്നെയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞതും സംഭവ സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതും.

മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളള്‍ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം നടക്കുന്നത്.

Follow Us:
Download App:
  • android
  • ios