തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രധാനപ്രതി ബിജുലാൽ തമിഴ്നാട്ടിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം. ഇതോടെ തമിഴ്നാട്ടിലുള്ള ചില ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ മൂന്ന് മാസം മുമ്പ് ബിജുലാൽ പണം തട്ടിയതിന്‍റെ തെളിവുകളും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.

ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടക വീട്ടിലും ബന്ധു വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലത്തെല്ലാം അന്വേഷണം നടത്തിയെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെയാണ് തമിഴ്നാട്ടിലുള്ള ചില അടുത്ത ബന്ധുക്കളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

കഴിഞ്ഞ മാസം 31ന് വൈകുന്നേരം ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരങ്ങള്ളാണ് പൊലീസിന് ലഭിക്കുന്നത്. ബിജുലാലിന് ചീട്ടുകളിച്ച് ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്നും പ്രത്യേക സംഘത്തിന് തെളിവ് ലഭിച്ചു. കടംപെരുകിയതോടെയാണ് ട്രഷറിയിൽ നിന്ന് തട്ടിപ്പ് തുടങ്ങിയത്.

ഏപ്രിൽ മാസം എട്ടിന് വഞ്ചിയൂർ ട്രഷറിയിലുണ്ടായ 60,000 രൂപ തട്ടിയെടുത്തതിന് പിന്നിലും ബിജുലാലാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ട്രഷറിയിലെ ക്യാഷ് കൗണ്ടറിൽ നിന്നാണ് പണം മോഷണം പോയത്. ക്യാഷിയറായ ജീവനക്കാരി ഈ പണം തിരികെ അടച്ച ശേഷം സൂപ്രണ്ടിന് പരാതി നൽകി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടിലേക്ക് 23ന് നഷ്ടപ്പെട്ട പണമെത്തി.

കിഴക്കേകോട്ട ട്രഷറി ബ്രാഞ്ചിൽ നിന്നാണ് പണമെത്തിയതെന്ന് മനസിലാക്കിയപ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മുഖംമറച്ചെത്തിയ ഒരാളാണ് പണമടച്ച് മടങ്ങിയതെന്ന് കണ്ടെത്തി. പണം തിരികെയെത്തിയതിനാൽ പിന്നീട് ഈ വിഷയം ആരും അന്വേഷിച്ചില്ല. അന്നും പണം തട്ടിയതിന് പിന്നാലെയും ബുജുലാല്‍ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ബിജുലാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 13ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും.