2020 ഒക്ടോബറില്‍ ചികിത്സാരഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെയാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്ന് ചാലിയാറിലേക്ക് എറിഞ്ഞു.

മലപ്പുറം: നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതക കേസിലെ വിചാരണ വരും ദിവസങ്ങളില്‍ ആരംഭിക്കും. മുഖ്യപ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെയുള്ളവരെ വിഡീയോ കോണ്‍ഫറന്‍സിലൂടെ മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നസീറ മുമ്പാകെ ഹാജരാക്കി. വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണിത്. മഞ്ചേരി, കോഴിക്കോട് ജയിലുകളിലാണ് ഒമ്പത് പ്രതികളും ജ്യാമത്തിലിറങ്ങിയ നാലുപേര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. 15 പ്രതികളില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ക്കാണ് നിലമ്പൂര്‍ പൊലീസ് കുറ്റപത്രം നല്‍കിയത്. രണ്ട് പ്രതികൾ ഒളിവിലാണ്. അബുദാബിയില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ ഷൈബിന്‍ അഷറഫിനും സംഘത്തിനും പങ്കുണ്ടെന്ന പരാതിയില്‍ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു.

2020 ഒക്ടോബറില്‍ ചികിത്സാരഹസ്യം ചോര്‍ത്തിയെടുക്കാനുള്ള മര്‍ദനത്തിനിടെയാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തില്‍നിന്ന് ചാലിയാറിലേക്ക് എറിഞ്ഞു. പിന്നീട് പ്രതികള്‍ക്കിടയിലുണ്ടായ സംഘര്‍ഷ, മോഷണക്കേസ് അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2019ലാണ് ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായിയായ ഷൈബിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുവന്ന് പ്രത്യേകം സജ്ജമാക്കിയ മുറിയിലടച്ചു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം. ഒന്നേക്കാല്‍ വര്‍ഷത്തോളം തടവിലിട്ട് പീഡിപ്പിക്കുകയായിരുന്നു.