Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് കേസ്: ഇടനിലക്കാരി സെറീനയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റിയിരുന്നു.

trivandrum airport gold smuggling case dealer serina bail plea in court
Author
Thiruvananthapuram, First Published Jun 12, 2019, 8:28 AM IST

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ ഇടനിലക്കാരി സെറീന ഷാജിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റിയിരുന്നു.

സെറീനയ്ക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്നും അന്വേഷണം തുടരുകയാണെന്നും ഡിആർഐ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ കേസിൽ ഒളിവിൽ കഴിയുന്ന വിഷ്ണുവും മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ പ്രകാശ് തമ്പിയെ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ പ്രകാശ് തമ്പിക്കും വിഷ്ണുവിനും ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നതും അപകടശേഷം ഇവർ കാര്യങ്ങൾ നിയന്ത്രിച്ചു എന്നതും അപകടത്തിലെ ദുരൂഹത കൂട്ടിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും  സെറീന ഷാജിയുടെയും ബാഗിൽ നിന്ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. 

സ്വർണ്ണം കടത്തിയിരുന്നത് പിപിഎം ചെയിൻസ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. പിപിഎം തിരുവനന്തപുരം ഷോറൂം മാനേജർ ഹക്കീമും ഡയറക്ടർമാരും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios