Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തി ഭീഷണി, പണവുമായി മുങ്ങി; പിടികൂടി നാട്ടുകാര്‍

പണവുമായി മടങ്ങുന്നതിനിടെ തൊഴിലാളികള്‍ പിന്തുടരുന്നത് കണ്ടതോടെ സംഘം ഓടി. ക്യാമ്പിലുള്ളവരുടെ ഉച്ചത്തിലുള്ള വിളി കേട്ട് നാട്ടുകാരും എത്തി. 

trivandrum Guest workers were threatened and robbed two arrested joy
Author
First Published May 29, 2023, 8:20 AM IST

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി 84,000 രൂപ കവര്‍ന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ദിനാപൂര്‍ സ്വദേശി നൂര്‍ അലമിയ(27), ചാല ഫ്രണ്ട്സ് നഗറില്‍ ശ്രീഹരി(27) എന്നിവരെ പിടികൂടി.  

ശനിയാഴ്ച രാത്രി 10.30 ഓടെ വെങ്ങാനൂര്‍ നെല്ലിവിള മുളളുവിളയില്‍ ജ്ഞാന ശീലന്‍ നടത്തുന്ന ലേബര്‍ ക്യാമ്പിലാണ് സംഭവം. സ്ഥലത്തെത്തിയ ആറംഗം സംഘം ക്യാമ്പിനുളളില്‍ കയറി തങ്ങള്‍ പൊലീസ് ആണെന്നും പൈസ വെച്ച് ചീട്ട് കളിക്കുകയാണെന്നറിഞ്ഞ് എത്തിയതാണെന്നും പറഞ്ഞ് തൊഴിലാളികളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികളുടെ പക്കല്‍ ഉണ്ടായിരുന്ന 84,000 രൂപ കൈക്കലാക്കി. അവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെങ്കിലും മടങ്ങുന്നതിന് മുമ്പ് തിരികെ നല്‍കി. 

പണവുമായി മടങ്ങുന്നതിനിടെ തൊഴിലാളികള്‍ പിന്തുടരുന്നത് കണ്ടതോടെ സംഘം ഓടി. ക്യാമ്പിലുള്ളവരുടെ ഉച്ചത്തിലുള്ള വിളി കേട്ട് നാട്ടുകാരും എത്തിയെങ്കിലും നാല് പേര്‍ രക്ഷപ്പെട്ടു. സമീപത്തെ പറമ്പില്‍ ഒളിച്ചിരുന്ന രണ്ട് പേരെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് നൂര്‍അലമിയുടെ തലയ്ക്കും മുഖത്തും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 
 
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ഹര്‍ഷകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ ശ്രീഹരി ഓടിച്ച് വന്ന ഓട്ടോറിക്ഷ ജംഗ്ഷന് സമീപം നിര്‍ത്തിയിട്ട ശേഷം നടന്നാണ് സംഘം ലേബര്‍ ക്യാമ്പില്‍ എത്തിയതെന്നും ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ചാല കേന്ദ്രികരിച്ച് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് വളര്‍ത്തുമീന്‍ വെട്ടി വില്‍പ്പന നടത്തുന്ന രണ്ട് മലയാളികളും നാല് ബംഗാള്‍ സ്വദേശികളുമടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. 
 

 പങ്കാളികളെ കൈമാറൽ കേസിലെ പരാതിക്കാരിയെ കൊന്ന കേസ്: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

 

Follow Us:
Download App:
  • android
  • ios