ചെന്നൈ: ദക്ഷിണേന്ത്യയില്‍ വീണ്ടും കോടികളുടെ മൊബൈല്‍ കവര്‍ച്ച. എട്ട് കോടി രൂപയുടെ റെഡ്മി ഫോണുകളുമായി പോയ ട്രക്ക് കൃഷ്ഗിരി ഹൈവേയില്‍ തട്ടിയെടുത്തു. ഒരു മാസത്തിനിടെ സമാന രീതിയില്‍ നടക്കുന്ന നാലാമത്തെ കവര്‍ച്ചയാണിത്. മുംബൈയില്‍ നിന്നുള്ള കൊള്ള സംഘമാണ് കവര്‍ച്ചക്ക് പിന്നില്ലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

ചെന്നൈക്കു സമീപമുള്ള ശ്രീ പെരുമ്പത്തൂരിലെ പ്ലാന്റിലാണ് ഇന്ത്യയിൽ ജനപ്രിയ ബ്രാൻഡായ ഷവോമി, റെഡ്മി ഫോണുകൾ നിർമ്മിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഒരു കണ്ടെയനര്‍ നിറയെ ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത്. കര്‍ണാടക അതിര്‍ത്തിക്ക് സമീപം കൃഷ്ണഗിരി ഹൊസൂര്‍ ഹൈവേയില്‍ വച്ചാണ് സിനിമാ സ്റ്റൈല്‍ കവര്‍ച്ച. 

ഹൊസൂര്‍ ടൗൺ എത്തുന്നതിനു തൊട്ടുമുൻപ് ഹൈവേയിൽ ലോറി കുറുകെ നിർത്തി കവര്‍ച്ചാ സംഘം ഗതാഗതം തടസപ്പെടുത്തി. ഡ്രൈവര്‍  ക്യാബിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തോക്കുമായി ഒരു സംഘം ലോറി വളഞ്ഞു. കൈകൾ പിന്നിലേക്ക് കെട്ടി, വായിൽ തുണി തിരുകി ഡ്രൈവറെ അതെ ലോറിയിൽ ബന്ദിയാക്കി. തുടർന്ന് കൊള്ളസംഘം ലോറിയുടെ നിയന്ത്രണം ഏറ്റെടുത്തു ഹൈവേയിലൂടെ ഓടിച്ചു പോയി. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു കണ്ടെയ്നർ തുറന്നു മൊബൈല്‍ ഫോണുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ട്രക്ക് ഉപേക്ഷിച്ചു. 

എട്ട് കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പ് ആന്ധ്രയില്‍ ആറ് കോടിയുടെയും, ചെന്നൈ-പുത്തൂർ ദേശീയ പാതയില്‍ രണ്ട് തവണയും ഫോണുകള്‍ സമാന രീതിയില്‍ കവര്‍ച്ച ചെയ്തിരുന്നു. മുംബൈയില്‍ നിന്നുള്ള സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണ്. നേരത്തെ ആന്ധ്രാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.