ഡെറാഡൂണ്‍: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചാബി നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ടെലിവിഷന്‍ നടിയായ അനിത സിംഗിനെ(29)യാണ് ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗ് കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ നൈനിതാളില്‍ എത്തിച്ചായിരുന്നു കൊലപാതം. പഞ്ചാബിലെ ഫിറോസ്പുരിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബോളിവുഡ് സിനിമയില്‍ അവസരമുണ്ടെന്ന് തന്‍റെ കൂട്ടുകാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞാണ് അനിതയെ കലന്ധുങ്കി എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് വന്നത്.

അവിടെവെച്ച് ഇയാളുടെ സുഹൃത്തായ കുല്‍ദീപിനെ കൂടെക്കൂട്ടി. പിന്നീട് ഭക്ഷണ ശാലയില്‍ കയറി ഭക്ഷണം കഴിച്ചപ്പോള്‍ അവരറിയാതെ മയക്കുമരുന്ന് കലര്‍ത്തി. അബോധാവസ്ഥയിലായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി കാട്ടില്‍ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതി കുല്‍ദീപ് കുറ്റം സമ്മതിച്ചു. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് കൂട്ടുപ്രതി പൊലീസിനോട് പറഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.