കൊച്ചി: ആലുവ സ്വർണ കവർച്ച കേസിൽ നിർണയക വഴിത്തിരിവ്. കവർച്ച ചെയ്ത സ്വർണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേർ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്.

കവർച്ച ചെയ്ത 20 കിലോ സ്വർണത്തിൽ രണ്ട് കിലോ സ്വർണം ഇവരുടെ ഇടനിലയിൽ കോട്ടയത്തെ ജ്വല്ലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കവർച്ച ആസൂത്രണം ചെയ്ത അഞ്ച് പേരെയും ആലുവ പൊലീസ് നേരെത്തെ പിടികൂടിയിരുന്നെങ്കിലും കവർച്ച സ്വർണം കണ്ടെത്താൻ ആയിരുന്നില്ല. കേസില്‍ പ്രധാന പ്രതികളായ അഞ്ചുപേർ നേരത്തെ പിടിയിലായെങ്കിലും സ്വർണത്തെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

കഴിഞ്ഞ മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന മലർ രൂപത്തിൽ ഉള്ള 20 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് പ്രതികൾ തട്ടിയെടുത്തത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. കേസന്വേഷിച്ച ലോക്കൽ പൊലീസിന് പ്രതികളെ മുഴുവൻ പിടികൂടാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Also Read: ആലുവ സ്വർണ കവർച്ച: മുഖ്യപ്രതി അറസ്റ്റില്‍, സംഘത്തില്‍ അഞ്ച് പേര്‍