കൊല്ലം: കരുനാഗപ്പള്ളിയില്‍ കാറുകളില്‍ വില്‍പനക്കെത്തിച്ച 82 കുപ്പി ഗോവൻ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന സജീവമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു എക്സൈസ് പരിശോധന.

രാത്രി നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം സംശയകരമായി പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ കണ്ടെത്തുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ ഒരു വാഹനത്തില്‍ 37 കുപ്പി ഗോവൻ വിദേശ മദ്യവും രണ്ടാമത്തെ വാഹനത്തില്‍ 45 കുപ്പി മദ്യവുമാണ് ഉണ്ടായിരുന്നത്.

വാഹനത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശികളായ ജോബിൻ തോമസ് , അഖിൽ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആഘോഷ ദിവസങ്ങളിലും ഡ്രൈ ഡേകളലും ഇവര്‍ കച്ചവടം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെ കൂടാതെ നാലുപേര്‍ കൂടി വ്യാജ മദ്യ കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒളിവില്‍പോയ ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.