കൊച്ചി: എറണാകുളം കാലടിയിൽ യൂട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 50 ലിറ്ററോളം വാഷും, വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കാലടി കൊറ്റമറ്റം സ്വദേശികളുടെ ആദ്യ പരീക്ഷണം അറസ്റ്റില്‍ കലാശിക്കുകയായിരുന്നു. യൂട്യൂബിൽ വീഡിയോ നോക്കി എല്ലാ ഉപകരണങ്ങളും,ചേരുവകളും സംഘടിപ്പിച്ചു.

ആരും ശ്രദ്ധിക്കാത്ത സ്ഥലമെന്നായിരുന്നു കണക്കുകൂട്ടൽ. കുളിക്കാനെന്ന വ്യാജേന കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തി ഒരുക്കങ്ങൾ നടത്തി. നേരത്തെ തയാറാക്കി വെച്ചിരുന്ന വാഷും മറ്റ് ഉപകരണങ്ങളുമായി സ്ഥലത്തെത്തി അല്‍പ്പസമയത്തിനുള്ളിൽ തന്നെ പൊലീസ് ഇവരെ പിടികൂടി. കൊറ്റമറ്റം ടിന്‍റോ ജോസ്,ഷിനോയ് എന്നിവരാണ് അറസ്റ്റിലായത്.

പള്ളി കടവിനോട് ചേർന്നുള്ള പെരിയാറിന്‍റെ തീരത്തെ കുറ്റിക്കാട്ടിൽ വെച്ചായിരുന്നു ഇവർ ചാരായം വാറ്റിയത്. വാറ്റ് ഉപകരണങ്ങളും ഇവർ തന്നെ തയാറാക്കി. ഒന്നാം പ്രതിയായ ടിന്‍റോ ജോസ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. രണ്ടാം പ്രതി ഷിനോയ്ക്ക് ഇംഗ്ലണ്ടിലാണ് ജോലി. ലീവിന് വന്ന് ലോക്ക്ഡൗണായതോടെ മടങ്ങാനായില്ല. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും.