Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധനയുടെ മറവില്‍ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കാൻ വന്നതാണ് എന്ന് വീട്ടുകാരെ അറിയിക്കുകയും ഇവരിൽനിന്ന് 1,750 രൂപ വാങ്ങുകയുമാണ് പ്രതികളുടെ രീതി. സ്രവം എടുത്തു മടങ്ങുന്ന പ്രതികൾ ആർ.ടി.പി.സി.ആറിനു പകരം ആൻറിജൻ ടെസ്റ്റ് നടത്തുകയും ഇതിൻറെ ഫലം വാട്ട്സ്ആപ്പിൽ അയച്ചു കൊടുക്കുകയും ചെയ്യും.

two arrested for money fraud in the name of covid test
Author
Thiruvananthapuram, First Published May 7, 2021, 8:44 AM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിപ്പ് നടത്തിയ രണ്ടുപേരെ  പൊലീസ് പിടികൂടി. നെടുമങ്ങാട് ഉഴമലയ്ക്കൽ പോങ്ങാട് കടുവാക്കുഴി വസുന്ധര മഠത്തിൽ അഭിമന്യു (19), പാലോട് പെരിങ്ങമ്മല ഒഴുകുപാറ എം.എസ് ഹൗസിൽ മുഹമ്മദ് സാദിഖ് (19) എന്നിവരാണ് പിടിയിലായത്. കൊവിഡ് പരിശോധിക്കാൻ എത്തിയതാണ് എന്നു പറഞ്ഞു പണം തട്ടിയ കേസിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികളിൽ രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപത്തെ ഒരു ലാബിന്‍റെ കളക്ഷൻ ഏജൻറ് ആയി ജോലി നോക്കി വരുന്നവരാണ്.

കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കാൻ വന്നതാണ് എന്ന് വീട്ടുകാരെ അറിയിക്കുകയും ഇവരിൽനിന്ന് 1,750 രൂപ വാങ്ങുകയുമാണ് പ്രതികളുടെ രീതി. സ്രവം എടുത്തു മടങ്ങുന്ന പ്രതികൾ ആർ.ടി.പി.സി.ആറിനു പകരം ആൻറിജൻ ടെസ്റ്റ് നടത്തുകയും ഇതിൻറെ ഫലം വാട്ട്സ്ആപ്പിൽ അയച്ചു കൊടുക്കുകയും ചെയ്യും. അതേസമയം ആൻറിജൻ ടെസ്റ്റിൽ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാൽ മാത്രമേ ഇപ്രകാരം ചെയ്യുകയുള്ളൂ. വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ഇവർ കരുവാക്കിയത് മെഡിക്കൽ കോളേജ് പരിസരത്തെ പ്രമുഖ ലാബിനെയാണ്. ലാബിൻറെ വിലാസവും ഫോൺ നമ്പറും മറ്റും അതേപടി നിലനിർത്തിയ ശേഷം ബാക്കി ഭാഗങ്ങളിൽ കൃത്രിമം നടത്തുകയും പരിശോധനാഫലം പ്രിൻറ് ചെയ്ത് ചേർക്കുകയുമായിരുന്നു ഇവരുടെ രീതി.

പെരിങ്ങമ്മല സ്വദേശിയും പാങ്ങോട് മന്നാനിയ കോളേജിലെ പ്രിൻസിപ്പലുമായ ഡോ. നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇദ്ദേഹത്തിൻറെ സഹോദരിയുടെ വീട്ടിൽ എത്തിയ പ്രതികൾ സ്രവം ശേഖരിക്കുകയും പണം വാങ്ങി പോവുകയും ചെയ്തശേഷം പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുള്ള റിസൾട്ട് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുള്ള മറ്റൊരാൾക്ക് ശാരീരിക വൈഷമ്യം അനുഭവപ്പെട്ടതോടെ പരിശോധിക്കുന്നതിന് വേണ്ടി പ്രതികളെ ഫോണിൽ നിരവധി തവണ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ലാബിൻറെ ഫോൺ നമ്പറിൽ വീട്ടുകാർ വിളിച്ച് അന്വേഷിച്ചതാണ് വഴിത്തിരിവായത്.

തട്ടിപ്പ് മനസ്സിലായതോടെ വീട്ടുകാർ സൂത്രത്തിൽ പ്രതികളെ വീണ്ടും ഫോണിൽ ബന്ധപ്പെടുകയും പെരിങ്ങമലയിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെവച്ചാണ് രണ്ടുപേരും പൊലീസ് പിടിയിലാകുന്നത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 17 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. ബാക്കിയുള്ളവർ പരാതിയുമായി എത്തിയാൽ മാത്രമേ എത്ര തുക തട്ടിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുകയുള്ളൂ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios