സ്വർണ്ണ മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ (Kochi Airport ) ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വർണ്ണം (Gold) കസ്റ്റംസ് പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാർഥ് മധുസൂദനൻ, നിതിൻ ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. സിദ്ധാർഥ് 1.1കിലോ സ്വർണ മിശ്രിതവും നിതിൻ 851 ഗ്രാം സ്വർണ മിശ്രിതവുമാണ് കൊണ്ടുവന്നത്. സ്വർണ്ണ മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 

വിവാഹ തട്ടിപ്പു വീരൻ പാലായിൽ അറസ്റ്റിൽ

വിവാഹ തട്ടിപ്പു വീരൻ പാലായിൽ അറസ്റ്റിൽ. പാലാ പോണോട് സ്വദേശി രാജേഷ് ആണ് പിടിയിൽ ആയത്. പൈക സ്വദേശിനിയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ടെന്ന് പലാ പൊലീസ് അറിയിച്ചു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചതിന് പ്രതിക്കെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ നിരവധി കേസുകളുണ്ട്. ഒളിവിലായിരുന്ന പ്രതിയെ കൂവപ്പള്ളിയിലെ ഒളിസങ്കേതത്തിൽ നിന്ന് എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി ആളുകൾക്ക് വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. 2017 ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. 

കോട്ടയത്ത് നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ (Pocso Case) പ്രതി ബാംഗ്ലൂരിൽ നിന്ന് പിടിയിൽ. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ നവംബർ 24 ന് ബിജീഷ് രക്ഷപ്പെട്ടത്.

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ആയിരുന്നു രക്ഷപ്പെടൽ. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ ശുചിമുറിയിൽ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ബിജീഷിനെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്. പ്രതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.