ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന ചത്വരങ്ങളിലൊന്നില്‍ ഡ്രോണുപയോഗിച്ച് കഞ്ചാവ് പൊതികള്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേലില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ സൌജന്യമായി കഞ്ചാവ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെ വ്യാഴാഴ്ചയാണ് സംഭവം. ടെല്‍ അവീവിലെ പ്രധാന ചത്വരത്തിലാണ് ഡ്രോണുകളില്‍ നിന്ന് ചെറുപൊതികളിലായി കഞ്ചാവിനോട് സാദൃശ്യമുള്ള വസ്തു ചെറുപൊതികളിലായി നിക്ഷേപിച്ചത്.

വിവിധതരം പ്രതിഷേധങ്ങള്‍ക്ക് സ്ഥിരം വേദിയായിട്ടുള്ള റാബിന്‍ ചത്വരത്തില്‍ ക്വാഡ്കോപ്റ്റര്‍ ഉപയോഗിച്ച് ഈ പൊതികള്‍ നിക്ഷേപിച്ചതിന് രണ്ട് യുവാക്കളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തുന്നതിന് മുന്‍പ് നിരവധിയാളുകള്‍ ഇവിടെ നിന്ന് ഈ പൊതികള്‍ കടത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെബ് മെസേജിംഗ് ചാനലായ ഗ്രീന്‍ ഡ്രോണില്‍ സമയമായെന്ന സന്ദേശത്തിന് പിന്നാലെയാണ് ഈ പൊതികള്‍ നിക്ഷേപിച്ചത്.

അപകടകരമായ ലഹരിവസ്തുവാണ് ഈ പൊതികളിലുള്ളതെന്നും നിരവധി പൊതികള്‍ കണ്ടെത്താനുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. മരുന്ന് ആവശ്യത്തിലേക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യമാണ് ഇസ്രയേല്‍. എന്നാല്‍ ലഹരിയായി കഞ്ചാവ് ഉപയോഗിക്കുന്നത് ഇവിടെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പത്ത് ഫാമുകളും അഞ്ച് ഫാക്ടറികളുമാണ് കഞ്ചാവ് മരുന്ന് ആവശ്യത്തിലേക്കായി ഉത്പാദിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണക്കാക്കിയിട്ടുള്ളത്.