Asianet News MalayalamAsianet News Malayalam

ആമസോൺ കമ്പനി മാനേജരെ നടുറോഡിൽ വെടിവച്ചുകൊന്ന കേസ്; 18 കാരന്‍ പിടിയിൽ

മായ ​ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീർ നാല് കൊലപാതക കേസിൽ പ്രതിയാണ്.

Two arrested over murder of Amazon manager in Delhi nbu
Author
First Published Aug 31, 2023, 11:48 PM IST

ദില്ലി: ദില്ലിയിൽ ആമസോൺ കമ്പനി മാനേജരെ നടുറോഡിൽ വെടിവച്ചുകൊന്ന പതിനെട്ടുകാരനായ ​ഗുണ്ടാ തലവനും കൂട്ടാളിയും പിടിയിൽ. മായ ​ഗ്യാങ്ങിന്റെ തലവനായ മുഹമ്മദ് സമീറും കൂട്ടാളിയുമാണ് പിടിയിലായത്. മുഹമ്മദ് സമീർ നാല് കൊലപാതക കേസിൽ പ്രതിയാണ്.

മായ ഭായ് എന്ന് വിളിപ്പേരുള്ള മുഹമ്മദ് സമീറിന് വയസ് വെറും പതിനെട്ട് മാത്രം. ഇതിനോടകം നാല് കൊലപാതക കേസുകളിൽ പ്രതിയാണ് മുഹമ്മദ് സമീര്‍. വടക്കുകിഴക്കൻ ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡസനോളം ചെറുപ്പക്കാരടങ്ങുന്ന ​ഗ്യാങ്ങിന്റെ തലവനാണ് ഇയാള്‍. ബോളിവുഡ് സിനിമകൾ കണ്ടാണ് സമീർ സ്വന്തം ​ഗ്യാങ് രൂപീകരിച്ചതെന്നും പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി നടന്ന ക്രൂര കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മായ​ഗ്യാങ്ങിന്റെ പങ്ക് വെളിപ്പെട്ടത്. 

രാത്രി പത്തരയോടെ പാർട്ടി കഴിഞ്ഞ് ഭജൻപുരയിലൂടെ ബൈക്കിൽ വരികയായിരുന്നു സമീർ ഉൾപ്പടെ 5 പേരടങ്ങുന്ന സംഘം, ഇടുങ്ങിയ ഒരു റോഡിലെത്തിയപ്പോൾ മുന്നിൽ ഹർപ്രീത് ​ഗില്ലിന്റെ വാഹനം കുടുങ്ങി. തുടർന്ന് വഴി മാറുന്നതിനെ ചൊല്ലിയുള്ള തർക്കമായി. ഒടുവിൽ മുഹമ്മദ് സമീർ തോക്കെടുത്ത് ഹർപ്രീത് ​ഗില്ലിന്റെ തലയ്ക്ക് വെടിയുതിർത്തു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മാവൻ ​ഗോവിന്ദിനും തലയ്ക്ക് വെടിയേറ്റു. ​ഗോവിന്ദ് ഇപ്പോഴും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. സമീറിനെയും ഒപ്പമുണ്ടായിരുന്ന ​ഗാനിയെയുമാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. ​ഗാനിക്കും പതിനെട്ട് വയസാണ് പ്രായം, മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്. 23 ഉം 19 ഉം വയസുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios