ബെംഗളൂരു: വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അകേൽ ബറുവ റോയ് (28), ബറുവ ദാസ് അർണാബ് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച ബെംഗളൂരുവിൽ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കഴിഞ്ഞ വർഷം ബംഗ്ലാദേശ് അതിർത്തി വഴി നുഴഞ്ഞു കയറിയ ഇവർ കൊൽക്കത്തിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ബെംഗളൂരുവിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനിടെ ഇരുവരും ഒരു പാസ്പോർട്ട് ഏജന്റിനെ സമീപിച്ച് വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയും ചെയ്തു. 

ബെംഗളൂരുവിൽ നിന്ന് നാഗ്പൂരിലെത്തിയ സംഘം അവിടുത്തെ മഠത്തിൽ ചെന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനക്കിടെ ആത്മീയകാര്യങ്ങളുമായി ബന്ധപ്പെട്ട് മലേഷ്യയിലേയ്ക്ക് പോവുകയാണെന്ന് സ്ഥാപിച്ച ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും പരിശോധിച്ച അധികൃതർ രേഖകൾ വ്യാജമാണന്ന് കണ്ടെത്തുകയുമായിരുന്നു.