പശുവുമായി പിക് അപ്പ് വാനില്‍ പോകുന്നതിനിടെ റൈബുല്‍ ഇസ്ലാമിനെയും പ്രകാശ് ദാസിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ചുണ്ടായ ആള്‍ക്കൂട്ടാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് മതാബംഗാ മേഖലയില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. 

പശുവുമായി പിക് അപ്പ് വാനില്‍ പോകുന്നതിനിടെ റൈബുല്‍ ഇസ്ലാമിനെയും പ്രകാശ് ദാസിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പ്രദേശവാസികള്‍ വാഹനം തടഞ്ഞ് പശുവിനെ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവപര്‍ പശുവിനെ കടത്തിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ആക്രമിക്കുകയും ചെയ്തു. 

ദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തുനിന്ന് മോഷ്ടിച്ചതാണ് ഈ പശുക്കളെ എന്നായിരുന്നു ഇവരുടെ ആരോപണം. ഇവരെ ആക്രമിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം ഇവരുടെ വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു. ഇരുവരെയും പ്രദേശത്തെ ഒരു സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെവച്ച് ഇരുവരും മരിച്ചു.