ഔറംഗാബാദ്: ഓടുന്ന ബൈക്കിന്‍റെ പിന്നില്‍ കെട്ടി നായയെ വലിച്ചിഴച്ചു കൊണ്ടു പോയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. ഔറംഗാബാദിലാണ് സംഭവം. രണ്ട് യുവാക്കള്‍ക്കെതിരെയാണ് കേസ്. ഓടുന്ന ബൈക്കിന്‍റെ പിന്നില്‍ കെട്ടി നായയെ വലിച്ച് കൊണ്ടു പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

പിന്നില്‍ പോകുന്ന കാറില്‍ സ‌ഞ്ചിരിച്ചയാളാണ് വീഡിയോ എടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകരമാണ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറ‌ഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതയുടെ നിരവധി വാര്‍ത്തകളാണ് രാജ്യത്ത് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരിൽ ഗർഭിണിയായ പശു ചത്തിരുന്നു.

ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതിന് സമാനമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിന്റെ ഉടമയുടെ പരാതിയിലാണ് കേസ്. അതേസമയം, പാലക്കാട് തിരുവിഴാംകുന്നിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചന.

തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങാൻ നീക്കം നടത്തുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. ഒളിവിൽ പോയ ഇവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വിൽസനെ ഇന്നലെ പട്ടാമ്പി കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.