ചെന്നൈ: അമിത വേഗത്തില്‍ വന്ന ബിഎംഡബ്യൂ കാറിടിച്ച രണ്ട് റിസര്‍വ് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടു. ചെന്നൈയിലെ മോഗാപ്പീയറിലെ സ്വകാര്യ സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. അലക്ഷ്യമായ ഡ്രൈവിംഗിന് കാര്‍ ഓടിച്ചയാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ബി രവീന്ദ്രന്‍ (32), വി കാര്‍ത്തിക്ക് (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അപകടം നടന്നത് പുലര്‍ച്ചെ 4.15നാണ്. കോണ്‍സ്റ്റബിള്‍മാര്‍ ഇരുവരും ഒരു ബൈക്കിള്‍ അമ്പത്തൂര്‍ റിയല്‍ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. രവീന്ദ്രനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഡിഎവി ഗേള്‍സ് സ്കൂളിന്‍റെ അടുത്ത് നിന്നും വലത് തിരിയുമ്പോഴാണ് ബിഎംഡബ്യൂ എസ്.യു.വി ബൈക്കിനെ ഇടിച്ചത്. ഇരു പൊലീസുകാരും ബൈക്കില്‍ നിന്ന് തെറിച്ചു വീണു. ബൈക്കിലിടിച്ച കാര്‍ നിലതെറ്റി റോഡിന്‍റെ മീഡിയേറ്ററില്‍ ഇടിച്ചു.

രവീന്ദ്രന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാര്‍ത്തിക്ക് രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ 11 മണിയോടെ അന്തരിച്ചു. രാവിലെ ചെന്നൈ കോയമ്പേട്ട് ബസ് ടെര്‍മിനലില്‍ ഡ്യൂട്ടിക്ക് പോകുന്ന വഴിയിലാണ് ഇരു പൊലീസുകാര്‍ക്കും അപകടം സംഭവിച്ചത്. 

അതേ സമയം അപകടത്തിന് വഴിവച്ച എസ്.യു.വിയില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. രോഹിത്ത് സൂര്യ (21), വരുണ്‍ ശേഖര്‍ (20) അമര്‍നാഥ് (25) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. രാത്രി വൈകി ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി കഴിഞ്ഞു വരുകയായിരുന്നു ഇവര്‍. അമര്‍നാഥാണ് വണ്ടിയോടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കാര്‍ അമിത വേഗത്തിലായതിനാല്‍ പെട്ടെന്ന് പൊലീസുകാരുടെ ബൈക്ക് വലത് വശത്തേക്ക് മാറിയപ്പോള്‍ ഇയാള്‍ക്ക് നിയന്ത്രണം കിട്ടിയില്ലെന്നാണ് പൊലീസിന്‍റെ പ്രഥമിക റിപ്പോര്‍ട്ട് പറയുന്നത്.

ചെന്നൈ ട്രാഫിക്ക് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിക്കുന്നത് പ്രകാരം ഐപിസി സെക്ഷന്‍ 279 അലക്ഷ്യമായ ഡ്രൈവിംഗ്, സെക്ഷന്‍ 304 (2) മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ആദ്യം ചേര്‍ത്തിരിക്കുന്നത്.  കോണ്‍സ്റ്റബിള്‍ രവീന്ദ്രന് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഉള്ളത്. കാര്‍ത്തിക്കിന് ഭാര്യയും പ്രായമായ മാതാപിതാക്കളും ഉണ്ട്.