മാല്‍ഡ: പശ്ചിമ ബംഗാളില്‍ മന്ത്രവാദക്രിയകള്‍ക്കിടെ രണ്ട് കുട്ടികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. മാല്‍ഡ ജില്ലയിലെ കടമ്തലിയിലാണ് സംഭവം. അഞ്ചും ഏഴും വയസ്സുള്ള ആണ്‍കുട്ടികളാണ് മന്ത്രവാദത്തിനിടെ മരിച്ചത്. മൂന്നും ആറും വയസ്സുള്ള സഹോദരിമാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വീടിന് സമീപമുള്ള കാട്ടില്‍ നിന്നും മടങ്ങി വരുന്ന വഴി കുട്ടികള്‍ തലകറങ്ങി വീണിരുന്നു. അബോധാവസ്ഥയിലായതോടെയാണ് ഇവരെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്ക് വിധേയരാക്കിയതെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. കാട്ടില്‍ നിന്നും ഏതെങ്കിലും വിഷക്കായ കഴിച്ചതു കൊണ്ടാവാം കുട്ടികള്‍ അബോധാവസ്ഥയിലായതെന്നാണ് പൊലീസ് നിഗമനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Read More: എൽപി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 10 വർഷം കഠിന തടവ്

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും മരണകാരണം പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ വെളിപ്പെടുത്താനാകൂ എന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അലോക് രജോരിയ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പ്രാദേശിക എംഎല്‍എ ദിപാലി ബിശ്വാസ് ചികിത്സയില്‍ തുടരുന്ന കുട്ടികളെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും വഞ്ചിതരാകരുതെന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.