അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. കേസില്‍ 15 പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്. വിരംഗ്രാമിലെ ഭാത്തിപ്പുരയില്‍ ഞായറാഴ്ചയാണ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും തുടര്‍ന്ന് ഏറ്റുമുട്ടലുമുണ്ടായത്. തുണി അലക്കിയ ശേഷം ഉണക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

ഒരു മതവിഭാഗത്തില്‍ ശ്മശാനത്തിന്‍റെ മതിലില്‍ മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ തുണി അലക്കി വിരിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വടികളും കല്ലുകളും ഉപയോഗിച്ച് ഇരുവിഭാഗങ്ങളും ആക്രമിച്ചപ്പോള്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

ഇതില്‍ രണ്ട് പേരുടെ എല്ലിന് ഒടിവുണ്ട്. സ്ഥലത്തെത്തിയ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചാണ് രംഗം ശാന്തമാക്കിയത്. പ്രദേശത്ത് നിലവില്‍ അവസ്ഥകള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.