സ്വന്തം ബാങ്ക് അകൗണ്ടിലേക്ക് എവിടെനിന്നെന്നറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ അരിമ്പൂർ സ്വദേശികളായ യുവാക്കള്‍ ആദ്യം ഞെട്ടി. പിന്നെ ധൂര്‍ത്തടിക്കാന്‍ തുടങ്ങി. ഒടുവിൽ കുടുങ്ങി. പുതു തലമുറയിൽ പെട്ട ബാങ്കുകളിലൊന്നിലാണ് സംഭവം.

തൃശ്ശൂർ: അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ രണ്ടു കോടിയിലധികം രൂപ ധൂര്‍ത്തടിച്ച രണ്ടു യുവാക്കള്‍ തൃശൂരില്‍ പിടിയിലായി. ബാങ്കിന്റെ സെർവറിൽ വന്ന വീഴ്ചയാണ് പണം അക്കൗണ്ട് മാറി എത്താൻ കാരണം.

സ്വന്തം ബാങ്ക് അകൗണ്ടിലേക്ക് എവിടെനിന്നെന്നറിയാതെ കോടികൾ ഒഴുകിയെത്തിയപ്പോൾ അരിമ്പൂർ സ്വദേശികളായ യുവാക്കള്‍ ആദ്യം ഞെട്ടി. പിന്നെ ധൂര്‍ത്തടിക്കാന്‍ തുടങ്ങി. ഒടുവിൽ കുടുങ്ങി. പുതു തലമുറയിൽ പെട്ട ബാങ്കുകളിലൊന്നിലാണ് സംഭവം. ക്രിപ്റ്റോ ട്രേഡിംഗ് നടത്തുന്നതിനാണ് ഒന്നര മാസം മുമ്പ് യുവാക്കൾ പുതുതലമുറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. മറ്റൊരു ബാങ്കുമായി ലയനനടപടി നടക്കുന്നതിനാൽ അബദ്ധത്തിലാണ് ബാങ്കിൽ നിന്ന് യുവാക്കളുടെ അക്കൗണ്ടിൽ പണമെത്തിയതെന്നാണ് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നത്. 

കിട്ടിയ പണം യുവാക്കള്‍ പലയിടങ്ങളിലേക്ക് കൈമാറുകയും ചെയ്തു. ആകെ 19 ബാങ്കുകളിലായി 54 വിവിധ അക്കൗണ്ടുകളിലേക്ക് 171 ഇടപാടുകളായാണ് പണം ഓൺലൈൻ കൈമാറ്റം നടത്തിയിട്ടുള്ളത്. അക്കൗണ്ടിൽ വന്ന പണം ക്രിപ്റ്റോ കറൻസിയാക്കാനും യുവാക്കൾ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. നാല് ലക്ഷം മുടക്കി നാല് ഐ ഫോണുകൾ വാങ്ങി. രണ്ടെണ്ണം സുഹൃത്തുക്കൾക്ക് കൊടുത്തു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുണ്ടായിരുന്ന നാല് ലക്ഷത്തിന്റെ കടബാദ്ധ്യതയും തീർത്തു. 

ബാങ്ക് മാനേജറുടെ പരാതിപ്രകാരം തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാന്‍റിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. പിൻവലിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത പണം ഏതെല്ലാം തരത്തിൽ ഉപയോഗിച്ചെന്നതിന്‍റെ പൂര്‍ണ വിവരം തുടരന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

Read Also: 'ഇനി സഹിക്കാനാവില്ല ഉമ്മാ', 19 കാരിയുടെ ആത്മഹത്യ; പെൺകുട്ടിയുടെ വല്ല്യുപ്പ അറസ്റ്റിൽ, പോക്സോ ചുമത്തി