യുവാവിന്റെ വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മർദ്ദിച്ചെന്നും തല ഭാഗികമായി മുണ്ഡനം ചെയ്യുകയും അര്‍ധനഗ്നരാക്കി ചെരുപ്പുമാല അണിയിച്ചെന്നും പരാതിയിൽ പറയുന്നു

ജബല്‍പുര്‍: മധ്യപ്രദേശിലെ ജബൽപുരിൽ ഇതരസമുദായത്തിലെ യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ രണ്ട് ദളിത് യുവാക്കളെ ക്രൂരമർദ്ദനത്തിനിരയാക്കി. യുവതിയുടെ പിതാവ് ഉൾപ്പെടെയുള്ളവരാണ് യുവാക്കളെ മർദിച്ചത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മേയ് 22നാണ് സംഭവം നടന്നത്. മർദ്ദനമേറ്റ യുവാവും പെൺകുട്ടിയും തമ്മിൽ സൗഹൃദമായിരുന്നു.

ഇത് പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടർന്ന് പെൺകുട്ടിയുമായി ഫോണിൽ സംസാരിക്കാനായി സുഹൃത്തിന്‍റെ ഫോണ്‍ കടംവാങ്ങി യുവാവ് പെണ്‍കുട്ടിക്ക് എത്തിച്ചു നല്‍കി. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ കണ്ടെത്തി.

തുടർന്ന് യുവാവിന്റെ വീട്ടിൽ എത്തിയ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് മർദ്ദിച്ചെന്നും തല ഭാഗികമായി മുണ്ഡനം ചെയ്യുകയും അര്‍ധനഗ്നരാക്കി ചെരുപ്പുമാല അണിയിച്ചെന്നും പരാതിയിൽ പറയുന്നു. പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.