തിരുവനന്തപുരം: വർക്കല തെങ്ങുവിളയിൽ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ച് രണ്ടംഗ സംഘം രക്ഷപ്പെട്ടു. മാല പൊട്ടിച്ച ശേഷം പ്രതികൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

പുതുവത്സര ദിനത്തിൽ രാവിലെയാണ് സംഭവം. നീല നിറത്തിലുള്ള പൾസർ ബൈക്കിലെത്തിയ രണ്ടംഗ സംഘം പലചരക്ക് കട നടത്തുന്ന ജഗതമ്മയുടെ അടുത്തെത്തി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് എടുക്കാനായി ജഗദമ്മ തിരിഞ്ഞ സമയത്ത് ഇവരിലൊരാൾ നാല് പവൻ വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ജഗദമ്മയുടെ കടയുള്ള കെട്ടിടത്തിലെ സിസിടിവിയിലാണ് പ്രതികളുടെ ദൃശ്വം പകർന്നത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് പ്രതികൾ ഇതേ വാഹനത്തിൽ വന്ന് ഇവിടെ നിരീക്ഷിച്ച് പോയതിന്‍റെ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സിസി ടിവി ദൃശ്യങ്ങളടക്കം നൽകി ജഗദമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ പ്രതികൾ വന്ന ബൈക്കിന്‍റെ നമ്പർ പതിഞ്ഞിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്യേഷണം ഊർജിതമാക്കുകയാണ് പൊലീസ്.