പിതാവിന്‍റെ ചികിത്സയ്ക്കും തന്‍റെ വിവാഹത്തിനും പണം ആവശ്യമായി വന്നെന്നും ഇതേത്തുടര്‍ന്നാണ് മോഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി
ദില്ലി: സ്വന്തം വിവാഹാവശ്യത്തിന് പണം കണ്ടെത്താനായി കവര്‍ച്ച നടത്തിയ യുവാവും സുഹൃത്തും പിടിയില്‍. ദില്ലി സ്വദേശികളായ ഗഗന്‍ ദീപ്, ഇയാളുടെ സുഹൃത്ത് വിവേക് രാഘവ് എന്നിവരാണ് പിടിയിലായത്. ഒരു വ്യവസായ സ്ഥാപനത്തില്‍ ക്യാഷ് കലക്ടറായി ജോലി ചെയ്യുന്ന ഗഗന്‍ ദീപ് 10 ലക്ഷം രൂപയാണ് തൊഴിലുടമയില്‍ നിന്നും മോഷ്ടിച്ചത്.
പണവുമായി വരുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ തന്‍റെ കയ്യില്‍ നിന്നും പണമടങ്ങിയ കവര്‍ തട്ടിപ്പറിക്കുകയായിരുന്നെന്നാണ് ഇയാള്‍ ഉടമയോട് പറഞ്ഞത്. സംശയം തോന്നിയ ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണം തെളിഞ്ഞത്.
പിതാവിന്‍റെ ചികിത്സയ്ക്കും തന്‍റെ വിവാഹത്തിനും പണം ആവശ്യമായി വന്നെന്നും ഇതേത്തുടര്‍ന്നാണ് മോഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ക്രൈം ഷോകള്‍ കണ്ടാണ് മോഷ്ടിക്കാനുള്ള പ്ലാന്‍ തയ്യാറാക്കിയതെന്നും ഇയാള്‍ പറഞ്ഞു.
