ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടുമാസത്തിനിടെ കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഒരേ കിണറ്റില്‍ കണ്ടെത്തി. കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റിനുള്ളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് 18 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കിണറ്റില്‍ കണ്ടെത്തിയത്. പത്താം ക്ലാസുകാരിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്.

അവധിക്കാല ക്ലാസിന് പോയ പെണ്‍കുട്ടി സ്കൂളില്‍ നിന്നും മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുട്ടിയുടെ സ്കൂള്‍ ബാഗിന് സമീപം മദ്യക്കുപ്പികളും കണ്ടെത്തി. കാണാതായതോടെ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയതാകാം എന്ന നിഗമനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍  പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.   

അതേസമയം പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റില്‍ 18 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടത് ദുരൂഹതകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും  ഇതൊരു കൊലപാതക പരമ്പരയുടെ തുടര്‍ച്ചയാകാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.