ഗോരഖ്പൂര്‍: കൌമാരക്കാരിയെ പീഡിപ്പിച്ച ശേഷം ശരീരത്തില്‍ സിഗരറ്റ് കുറ്റിയുപയോഗിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ഖോരക്പൂറില്‍ വെള്ളിയാഴ്ചയാണ് കൌമാരക്കാരിയെ പീഡനത്തിന് ഇരയായത്. ഇഷ്ടികക്കളത്തിലെ ജോലിക്കാരായ മാതാപിതാക്കളാണ് കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പരിക്ക് യുവാക്കള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചത് മൂലമെന്നാണ് പരാതി.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്തിയ പ്രദേശത്തിന് സമീപമുള്ള  ഗ്രാമത്തിലുള്ള രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ജുന്‍, ചോട്ടു എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. ഇവരെ പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കുട്ടിയ തട്ടിക്കൊണ്ട് പോയ ശേഷം ക്രൂരമായി പീഡിപ്പിച്ച യുവാക്കള്‍ കുട്ടിയുടെ ശരീരമാസകലം സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് പൊള്ളിച്ച നിലയിലാണുള്ളതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.

ഉത്തര്‍ പ്രദേശിലെ അഞ്ച് ജില്ലകളിലായി വ്യാപിച്ച തെരച്ചിലിനൊടുവിലാണ് പ്രതികളെ കണ്ടെത്താനായത്. ശനിയാഴ്ച ലക്ഷ്മിപൂര്‍ ഖേരി സ്വദേശിയായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ഇതേ ഗ്രാമത്തിലെ രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു.