ഗുവാഹത്തി:  അസ്സമില്‍ മദ്രാവാദികളെന്ന് ആരോപിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം ആക്രമിച്ചുകൊന്നു. മന്ത്രവാദികളെന്ന് ആരോപിച്ച് ഗ്രാമത്തിലെ സമാന്തര കോടതി വധശിക്ഷ വിധിച്ചതോടെയാണ് ആള്‍ക്കൂട്ടം ഇരുവരെയും ആക്രമിച്ച് കൊന്നത്. ബുധനാഴ്ച രാത്രി നടന്ന സംഭവം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ രണ്ട് പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പൊലീസ് ഒമ്പത് ഗ്രാമവാസികളെ അറസ്റ്റ് ചെയ്തു. 

ദോക്‌മോക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റൊഹിമാപൂരിലാണ് സംഭവം നടന്നത്. രോഗം ബാധിച്ച് കുഴഞ്ഞുവീണ സ്ത്രീ ഗുവാഹത്തിയില്‍ ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇവരുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച ഗ്രാമത്തില്‍ നടക്കുന്നതിനിടെ 50 കാരിയായ രമാവതി എന്ന സ്ത്രീ 'അസാധാരണമായ' രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. 

ചെറുകിട കര്‍ഷകരും ദിവസവേതനക്കാരുമായ ആദിവാസികള്‍ താമസിക്കുന്ന ഗ്രാമമാണ് റോഹിമാപൂര്‍. രമാവദി മന്ത്രവാദിയാണെന്ന് ചില ഗ്രാമവാസികള്‍ ആരോപിച്ചു. ഇതോടെ ഗ്രാമത്തിലെ സമാന്തര കോടതി ഇവരെ കുറ്റക്കാരിയായി വിധിച്ചു. തുടര്‍ന്ന് ആള്‍ക്കൂട്ടം ഇവരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഒപ്പം ഇത് തടയാന്‍ ശ്രമിച്ച വിദ്യാഭ്യാസമ്പന്നനായ 28 കാരനെയമ മന്ത്രാവാദിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഇരുവരെയും ആക്രമിച്ചുകൊന്ന് മൃതദേഹം കുന്നിച്ചെരുവിലിട്ട് സംസ്‌കരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.