നോയിഡ: കോളേജ് വിദ്യാർത്ഥിനിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ട് യുവാക്കള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ് വര്‍ഷം മുമ്പ് നോയിഡയില്‍ വെച്ചാണ് ക്രൂരമായ പീഡനം നടന്നത്. 2015 ഓഗസ്റ്റ് മാസത്തിലാണ് സ്കോര്‍പിയോ കാറിലെത്തിയ പ്രതികള്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയത്. 

ആളൊഴിഞ്ഞ പ്രദേശത്തെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഘം വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി പ്രതികളുടെ ഭീഷണിക്ക് വഴങ്ങിയില്ല. ഇതോടെ പ്രതികള്‍ പെണ്‍കുട്ടിയുടെ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുമുന്നിലെത്തി. 

ഇതോടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. തെളിവുകളുടെ അഭാവത്തില്‍ കോടതി വാഹനം ഓടിച്ച യുവാവിനെ വെറുതെ വിട്ടു. ഇയാള്‍ക്കെതിരെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.