തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ വൃദ്ധയുടെ മാല പൊട്ടിച്ച് രണ്ടംഗ സംഘം കടന്നു. മാറനെല്ലൂരിൽ രാവിലെയാണ് സംഭവം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മാറനല്ലൂരിൽ പെട്ടിക്കട നടത്തുന്ന സരോജിനിയുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. രാവിലെ ഏഴരയോടെ സിഗരറ്റ് വാങ്ങാനെന്ന വ്യാജേനയാണ് ഇവരെത്തിയത്. ബൈക്കിന്‍റെ പുറകിലിരുന്നയാൾ ഇറങ്ങി സിഗരറ്റ് ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങാതെ തിരികെ പോയ ഇവർ അൽപ്പസമയത്തിനകം മടങ്ങിയെത്തി, വീണ്ടും സിഗരറ്റ് ചോദിച്ചു.  

സരോജിനി സിഗരറ്റ് നൽകുന്നതിനിടെ മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സമീപത്തെ സുരക്ഷാ ക്യാമറയിൽ ദൃശ്യങ്ങളുണ്ടെങ്കിലും ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി മാറനെല്ലൂർ പൊലീസ് അറിയിച്ചു.