Asianet News MalayalamAsianet News Malayalam

ആഡംബര കാറിൽ 221 കിലോ കഞ്ചാവ്, ഉറവിടം തേടി കേരള പൊലീസ് ഒഡീഷയിൽ: 'ഗഞ്ച റാണി'യും കൂട്ടാളിയും പിടിയിൽ

ഒറീസയിലെ ഗജപതി ജില്ലയിലെ അഡബാ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാടിനാൽ ചുറ്റപ്പെട്ട  ഗ്രാമത്തിൽ നടന്നുവരുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച് കേരള പൊലീസിന് വിവരം ലഭിച്ചു, പിന്നാലെ  “ഗഞ്ചറാണി’ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച  നമിത പരീച്ചയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കിട്ടി. 

two notorious ganja peddler nabbed by kerala police from odisha vkv
Author
First Published Jul 1, 2023, 4:26 PM IST

തൃശൂർ: നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും  ആഡംബര കാറിൽ 221 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒഡീഷയിൽ നിന്നും വൻ മാഫിയ തലവനും കൂട്ടാളിയും പിടിയിൽ. പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി  തൃശൂർ സിറ്റി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയിൽ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ  നമിത പരീച്ച (32),  അരുൺ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം പൊക്കിയത്.

നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപും സംഘവും ചേർന്ന് ഒറീസയിൽ നിന്നും സാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് 221 കിലോ കഞ്ചാവ്  കാറിൽ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ  പൊലീസും തൃശൂർ സിറ്റി ലഹരിവിരുദ്ധ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് തൃശൂർ ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ  നിർദ്ദേശപ്രകാരം നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദീലീപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇത്രയും വലിയ അളവിൽ കഞ്ചാവ് കൊണ്ടുവന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ശ്രമം ആരംഭിച്ചിരുന്നു.  

തുടർന്ന്  നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ്  ഒറീസയിലെ ഗജപതി ജില്ലയിലെ അഡബാ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാടിനാൽ ചുറ്റപ്പെട്ട വിദൂര ഗ്രാമത്തിൽ നടന്നുവരുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.  കേരള പൊലീസ് ഇവിടെയെത്തി യഥാർത്ഥ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ആദ്യം അറസ്റ്റ് ചെയ്ത നാലു പ്രതികളെ  ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒഡീഷ ഗജപതി ജില്ലയിലെ “ഗഞ്ചറാണി’ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച  നമിത പരീച്ച എന്ന സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നൽകുന്നത് എന്ന സുപ്രധാന വിവരം ലഭിച്ചത്. ഇവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച അന്വേഷണസംഘം, ഈ മാസം 14ന് കഞ്ചാവ് വിറ്റ പണം വാങ്ങുന്നതിനായി കേരളത്തിലേക്ക് വരികയായിരുന്ന നമിതയുടെ ഭർത്താവും കഴിഞ്ഞ ഇരുപത് കൊല്ലമായി ഒറീസയിൽ താമസിച്ചു വരുന്നതും കേസിലെ ഇടനിലക്കാരനുമായ സാജനെ പാലക്കാട് വെച്ച് പിടികൂടി. വളരെ അപൂർവമായി മാത്രം കേരളത്തിലേക്ക് വന്നിരുന്ന സാജനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് ഈ കേസിൽ ഒരു വലിയ വഴിത്തിരിവുണ്ടാക്കി. 

two notorious ganja peddler nabbed by kerala police from odisha vkv

തുടർന്ന് സാജനുമായി പത്തുദിവസം മുമ്പ് പ്രത്യേക വാഹനത്തിൽ നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം ഒഡീഷയിലെത്തി.  അതീവ രഹസ്യമായി ഒഡീഷയിൽ പത്തുദിവസത്തോളം ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അവിടത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒഡീഷയിലെ ഗജപതി, ഗഞ്ചം, റായ്ഗഡ ജില്ലകളിൽ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തുവരുന്നുണ്ട്. മുമ്പ് വലിയതോതിൽ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന പ്രസ്തുത പ്രദേശങ്ങളിൽ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് കഞ്ചാവ് കൃഷി വലിയ തോതിൽ ചെയ്തുവന്നിരുന്നത്. 

എന്നാൽ കേന്ദ്രസേനയുടെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ മാവോയിസ്റ്റുകളുടെ സ്വാധീനം വലിയതോതിൽ കുറഞ്ഞെങ്കിലും കാടുകളാൽ ചുറ്റപ്പെട്ട വിദൂര ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും കഞ്ചാവ് കൃഷി ചെയ്തു വരുന്നുണ്ട്. കേരള പൊലീസ് സംഘം ഒറീസയിലെത്തി നടത്തിയ അന്വേഷണത്തിനിടെ ബർഹാംപൂരിലുള്ള ദേശീയപാതയിൽ കഞ്ചാവ്  എത്തിച്ചു നൽകിയ അരുൺ നായിക്കിനെ പിടികൂടുകയും അയാളുടെ സഹായത്തോടെയാണ് ചുഡാംഗ്പൂർ എന്ന വിദൂരമായ ഗ്രാമത്തിൽവെച്ച് നമിത പരീച്ചയെ  കണ്ടെത്താൻ കഴിഞ്ഞത്. 

പൊലീസ് പിടികൂടുന്ന പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കുന്നതും പൊലീസ് സ്റ്റേഷൻ ആക്രമവും പതിവായ പ്രദേശമായതിനാൽ പ്രദേശത്തെ കഞ്ചാവ് മാഫിയ തലവനായ നമിത പരീച്ചയെ പിടികൂടുക എന്നത് തീരെ എളുപ്പമായിരുന്നില്ല. ഒഡീഷ കേഡർ മലയാളി ഐപിഎസ് ഓഫീസറും ഗജപതി ജില്ല പൊലീസ് സൂപ്രണ്ടുമായ സ്വാതി.എസ്.കുമാറിന്റെ സഹായം ലഭിച്ചതോടെ പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം ഊർജിതമായി. തുടർന്ന് അഡബ, മോഹന എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം തേടിയശേഷം കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം അവരെ ഗ്രാമത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വർഷങ്ങളായി കേരളം, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിന് നേതൃത്വം കൊടുക്കുന്ന മാഫിയതലവനാണ് നമിത പരീച്ച. ആദ്യമായാണ് ഇവർ അറസ്റ്റിലാകുന്നത്.  നമിതയുടെ ഭർത്താവ് സാജന്റെ പേരിൽ ഒറീസയിലെ മോഹന പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിന്  കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള മലയാളികളും പ്രതികളാണ്. ആ കേസിൽ സാജൻതോമസ് ഏഴുവർഷത്തോളം ബെർഹാംപൂർ, പർലാക്കാമുണ്ഡി ജയിലുകളിൽ  കിടന്നിട്ടുണ്ട്.  നമിതയുടേയും സാജന്റേയും ഇടപാടുകാർ കഞ്ചാവ് വാങ്ങുന്നതിന്  കൊണ്ടു വരുന്ന വാഹനം ഏറ്റുവാങ്ങി, കഞ്ചാവ് നിറച്ച്  തിരികെ, ഏതാണ്ട് 90 കിലോമീറ്റർ അകലെയുള്ള ബെർഹാംപൂരിലുള്ള ദേശീയപാതയിൽ എത്തിച്ചുനൽകുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. 

Read More :  2 മിനിറ്റ്, 13 കാറുകൾ കൈയ്യിലൂടെ കയറ്റിയിറക്കി, ശ്വാസം പിടിച്ച് നാട്ടുകാർ; റെക്കോർഡ് നേട്ടത്തിനൊരുങ്ങി യുവാവ്

അതിനാൽ തന്നെ, കഞ്ചാവു കടത്തുന്ന പ്രതികൾ പിടിക്കപ്പെട്ടാലും, കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അരുൺ നായിക് ആണ് ഇത്തരം കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്.  പ്രതികളെ അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്നും ഏതാണ്ട് 1800 കിലോമീറ്ററിലധികം ദൂരം തൃശ്ശൂരിലേക്ക് ഉള്ളതിനാൽ  ഒറീസയിലെ മോഹന മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷമാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ  പ്രതികളെ ഹാജരാക്കിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം  അവിടെയെത്തി കഞ്ചാവ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് ഒറീസയിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.  കഞ്ചാവ് കേസിലെ ഉറവിടം തേടി പല സംസ്ഥാനങ്ങളിൽ നിന്നും പൊലീസ് സംഘം വരാറുണ്ടെങ്കിലും   പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് ആദ്യമായെന്നാണ്  അവർ പറയുന്നത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിൽ നെടുപുഴ ഇൻസ്പെക്ടർ ടി.ജി.ദിലീപിനെ കൂടാതെ തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ എസ്.ഐ പി. രാഗേഷ്, എ.എസ്.ഐ. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. ജീവൻ, വിബിൻദാസ്,  രഞ്ജിത്ത്, അക്ഷയ്, അർജുൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Read More :  1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios