തിങ്കളാഴ്ച രാത്രി കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് വിജയകുമാറിന് മര്‍ദ്ദനമേറ്റത്.

ഹരിപ്പാട്: ഹരിപ്പാട് മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവം രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചിങ്ങോലി സ്വദേശികളായ തറവേലിക്കകത്ത് പടീറ്റതില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (31), ശ്രീനിലയം വീട്ടില്‍ ജയചന്ദ്രന്‍ (38) എന്നിവരെയാണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങോലി ദേവസ്വം പറമ്പില്‍ വിജയകുമാറിനെ(47) മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ഹരികൃഷ്ണന്‍ കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് വിജയകുമാറിന് മര്‍ദ്ദനമേറ്റത്. പ്രതികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സംഘം വിജയകുമാറിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ് കിടന്ന വിജയകുമാറിനെ കരീലക്കുളങ്ങര പൊലീസാണ് ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡിവൈഎസ്പി ജി അജയ് നാഥിന്റെ നിര്‍ദ്ദേശാനുസരണം കരീലക്കുളങ്ങര എസ്എച്ച്ഒ ഏലിയാസ് പി ജോര്‍ജ്, എസ്‌ഐ സുനുമോന്‍ എസ്, സിപിഒമാരായ സജീവ് കുമാര്‍, അനി, മണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.