മുണ്ടക്കയത്ത് റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ രണ്ടു പേര്‍ക്കും മേഖലയില്‍ നടന്ന മറ്റ് മോഷണങ്ങളില്‍ പങ്കുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. 

കോട്ടയം: മുണ്ടക്കയത്ത് റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ രണ്ടു പേര്‍ക്കും മേഖലയില്‍ നടന്ന മറ്റ് മോഷണങ്ങളില്‍ പങ്കുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ഞിരപ്പളളി പട്ടിമററം സ്വദേശി അഖില്‍ അനി, എരുമേലി , നേര്‍ച്ചപ്പാറ സ്വദേശി സി.എസ് അനന്തു എന്നിവരെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏന്തയാര്‍, പതാലില്‍, സജി, പുറപ്പന്താനം ജോണ്‍സണ്‍ എന്നിവരുടെ തോട്ടത്തില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് മോഷണം നടത്തിയത്. വെംബ്ലി പാപ്പാനി വെളളചാട്ടത്തിന് സമീപമുളള സജി യുടെ തോട്ടത്തിലെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ റോളറും ഡിഷുകളും സംഘം കൊണ്ടുപോവുകയായിരുന്നു. കൂടാതെ തൊട്ടടുത്ത വാലേല്‍ തോട്ടത്തില്‍ റബ്ബര്‍ പാട്ടത്തിനെടുത്ത ജോണ്‍സണ്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന ഡിഷ്, അരിപ്പ, ഇരുമ്പ് തൊട്ടികള്‍ എന്നിവ സംഘം മോഷ്ടിച്ചു കടന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ പെരുവന്താനം പൊലീസ് കേസ് അന്വേഷിച്ചു വരുന്നതിനിടയി മറ്റൊരു കേസിൽ ഇവർ പിടിയിലാകുന്നത്. സമാന കേസില്‍ ഇരുവരെയും കാഞ്ഞിരപ്പളളി പൊലിസ് ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടയിലാണ് വെംബ്ലി യിലെ മോഷണ വിവരവും സമ്മതിച്ചത്. കാഞ്ഞിരപ്പളളിയിലെ കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നതിനിടെ പെരുവന്താനം പൊലീസ് കസ്റ്റഡിയില്‍വാങ്ങി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. 

Read more: ബൈക്കിലിടിച്ചു, മൊബൈൽ വീണു പൊട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ ബസിൽ കയറിയിരുന്ന് മർദ്ദിച്ചു, തിരൂരിൽ അറസ്റ്റ്

ഇരുവരെയും മോഷണ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. ഇവര്‍ കടത്തികൊണ്ടുപോകുന്ന സാധനം വാങ്ങുന്ന ആക്രി കച്ചവടക്കാരന്‍ കാഞ്ഞിരപ്പളളി സ്വദേശി അമീര്‍സാലിനെതിരെയും കേസെടുത്തിട്ടുണ്ട്. മൂവര്‍ സംഘം കാഞ്ഞിരപ്പളളിയിലെ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ അമീര്‍സാലി ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ കേസിലും ഇയാളെ അറസ്റ്റ് ചെയ്യുമെന്നു സിഐ. ജയപ്രകാശ്, എസ്ഐ ജെഫി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. മേഖലയിലെ വിവിധ മോഷണകേസുകളില്‍ ഇരുവരും പ്രതികളാണന്നു പൊലീസിനു സംശയമുളളതിനാല്‍ ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.