ഫരിദാബാദ്: ഹരിയാനയില്‍ യുവതിയെ പൊലീസ് സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ഹര്‍പല്‍, ദിനേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബെല്‍റ്റുപയോഗിച്ച് യുവതിയെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. പൊലീസിന്‍റെ ക്രൂരകൃത്യങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. യുവതിക്ക് നേരെയുണ്ടായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഹരിയാന പൊലീസിനെതിരെ സംസ്ഥാന വനിതാകമ്മിഷന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അഞ്ച്  ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. രണ്ടു ഹെഡ്കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍റ് ചെയ്യുകയും മൂന്നു സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ പിരിച്ചു വിടുകയും ചെയ്തു.

അറസ്റ്റിലായ ഹര്‍പല്‍, ദിനേഷ് എന്നിവരും പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടവരില്‍ ഉള്‍പ്പെടുന്നു. ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ബാല്‍ദേവ്, രോഹിത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, ഹര്‍പല്‍, ദിനേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഫരീദാബാദിലെ ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.