ഹൈദരാബാദ്: ഓട്ടോ ഡ്രൈവറില്‍ നിന്ന് കൈക്കൂലി വാങ്ങിയത് ക്യാമറയില്‍ കുടുങ്ങിയതോടെ ഹൈദരാബാദില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മൊബൈലില്‍ പകര്‍ത്തിയ കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായത്. 

പൊലീസ് കോണ്‍സ്റ്റബിള്‍ മാരായ ഡി പഞ്ച മുകേഷ്, ബി സുരേഷ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഒരു പൊലീസുകാരന്‍ ബൈക്കില്‍ ഇരിക്കുന്നതും മറ്റൊരാള്‍ ഡ്രൈവറില്‍ നിന്ന് പണം വാങ്ങുന്നതുമാണ് വീഡിയോ. ഹൈദരാബാദിലെ അഫ്സല്‍ഗഞ്ച് മാര്‍ക്കറ്റിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. 

കൈക്കൂലി വാങ്ങിയതിനെതിരെ പൊലീസുകാര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിച്ചതിന് സിറ്റി പൊലീസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി. കൊവിഡ് ലോക്ക്ഡൗണിനിടെയാണ് നിയമം പാലിക്കേണ്ടവര്‍ നിയമം തെറ്റിക്കുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉയര്‍ന്ന വിമര്‍ശനം. 

തെലങ്കാനയില്‍ 1100 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മെയ് 29 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകളുടെ ആവശ്യം ലോക്ക്ഡൗണ്‍ നീട്ടി കിട്ടണമെന്നതാണെന്നും തങ്ങളുടെ തീരുമാനം പ്രധാനമന്ത്രിയെ അറിച്ചിട്ടുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം പറ‌ഞ്ഞിരുന്നു.