പാറ്റ്ന: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ത്ത അമ്മയെയും മകളെയും ക്രൂരമായി ആക്രമിച്ച് വാര്‍ഡ് കൗണ്‍സിലര്‍. ബിഹാറിലെ വൈശാലി ജില്ലയിലെ ഒരു ലോകല്‍ പഞ്ചായത്തിലെ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദും അയാളുടെ സഹായികളും ചേര്‍ന്നാണ് 48 കാരിയയെും 19 കാരിയായ മകളെയും ആക്രമിച്ചത്. ഇരുവരെയും കയ്യേറ്റം ചെയ്യുകയും തല മുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് വാര്‍ഡ് കൗണ്‍സിലര്‍, ബാര്‍ബര്‍, അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആറോളം പേര്‍ സ്ത്രീകളുടെ വീട്ടില്‍ എത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

മകളെ രക്ഷിക്കാന്‍ അമ്മ ശ്രമം നടത്തിയതോടെ ഇരുവരെയും ആള്‍ക്കൂട്ടം ആക്രമിച്ചു. പ്രതികളിലൊരാള്‍ മരത്തിന്‍റെ വടി ഉപയോഗിച്ച് ഇരുവരെയും മര്‍ദ്ദിച്ചു. രണ്ട് പേരെയും വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ബാര്‍ബറെ വിളിച്ച് തല മുണ്ഡനം ചെയ്തു. തുടര്‍ന്ന് ഇവരെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.