കോലപ്പൂര്‍: ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത രണ്ടു യുവതികള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കോലപ്പൂരിലാണ് സംഭവം. പൂനം പാട്ടീല്‍, പ്രാച്ചി ഗെയ്ക്‌വാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു പെണ്‍കുട്ടി ഡോക്ടറില്‍ നിന്നും പണം സ്വീകരിച്ചതായും സമ്മതിച്ചിട്ടുണ്ട്. 

ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞാണ് യുവതികള്‍ ഇയാളെ വശീകരിച്ചത്. തുടര്‍ന്ന് പതിവായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. ആറുമാസം മുന്‍പാണ് യുവതികള്‍ ഒരു പരിശോധനയ്ക്കായി ഡോക്ടറെ സമീപിച്ചത്. 

തുടര്‍ന്ന് ഡോക്ടറുടെ വാങ്ങിയ ശേഷം വാട്‌സ് ആപ്പില്‍ പതിവായി മെസേജ് അയക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് തങ്ങള്‍ക്ക് ഡോക്ടറോട് ഒരു പ്രത്യേക വികാരം തോന്നുന്നുവെന്ന് യുവതികള്‍ അദ്ദേഹത്തെ അറിയിച്ചു. പിന്നീട് ചാറ്റുകളുടെ സ്വഭാവം മാറി. ഡോക്ടറും യുവതികളും തമ്മില്‍ ലൈംഗിക ചുവയുള്ള ചാറ്റുകള്‍ സ്ഥിരമായി നടത്തിതുടങ്ങി.

ഇതിനിടയില്‍ യുവതികള്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു സൂക്ഷിക്കുകയും ചെയ്തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് യുവതികളും ചേര്‍ന്ന് 12 ലക്ഷം രൂപ ഡോക്ടറോട് ചോദിച്ചു. ഒന്നും വിചാരിക്കാതെ ഡോക്ടര്‍ തുക അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. 

സംഗതി പന്തിയല്ലെന്നു മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. പണം നല്‍കാന്‍ എന്ന വ്യാജേന യുവതികളോട് പ്രത്യേക സ്ഥലത്ത് വരാന്‍ ആവശ്യപ്പെടാന്‍ ഡോക്ടറോട് പൊലീസ് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച്‌ സ്ഥലത്തെത്തിയ യുവതികളെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.