എടവണ്ണ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ പത്തപ്പിരിയത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉള്ളാട്ടില്‍ ഫാസില്‍ (21), ചാത്തല്ലൂര്‍ മുണ്ടന്‍പറമ്പ് സുധീഷ്ബാബു (20) എന്നിവരാണ് അറസ്റ്റിലായത്. ഫോണിലൂടെ സംസാരിച്ച് ട്രാപ്പിലാക്കിയ ശേഷമാണ് ഇരുവരും ചേർന്ന് പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയത്.

സ്കൂൾ സമയത്ത് പെൺകുട്ടിയുമായി യുവാക്കൾ കാറിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ആധികൃതർ പൊലീസിൽ വിവരം അറിച്ചു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് കുടുക്കിയത്.

വനിതാ സിവിൽ പൊലീസ് ഓഫീസർ  പ്രതികളുടെ ഫോൺ നമ്പറിലേയ്ക്ക് മിസ്ഡ് കാൾ നൽകി. തുടർന്ന് പ്രതികൾ നിരവധി തവണ ഈ ഫോണിലേയ്ക്ക് വിളിക്കാന്‍ തുടങ്ങി. ഇതിനിടയിൽ പൊലീസാണെന്ന് അറിയാതെ പ്രതികൾ ചിത്രം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശേഷം പ്രതിയുടെ ഫോട്ടോ പൊലീസ് വാട്സാപ്പിലൂടെ കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് നിലമ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ വച്ച് കാണാമെന്ന് പറഞ്ഞ് പ്രതികളെ വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പ്രതികൾ സ്‌കൂള്‍സമയം കാറില്‍ കുട്ടികളെ കൊണ്ടുപോയി വൈകീട്ടോടെ തിരിച്ചെത്തിച്ചിരുന്നതായാണ് സൂചന. പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണില്‍ മറ്റു പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫാസിലിനെതിരേ പോക്‌സോ നിയമപ്രകാരം വണ്ടൂര്‍ സ്റ്റേഷനിലും സുധീഷ് ബാബുവിനെതിരേ ബൈക്ക് മോഷണത്തിന് കൊടുവള്ളി സ്റ്റേഷനിലും മുന്‍പ് കേസുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.